dhoni

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയ്ക്ക് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം.എസ് ധോണി. 16 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ശേഷം ഓഗസ്റ്റ് 15 ന് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് മോദി സുദീർഘവും വൈകാരികവുമായ ഒരു സന്ദേശമയച്ചിരുന്നു. ഇതിനാണ് ധോണി ട്വിറ്ററിലൂടെ നന്ദി പറഞ്ഞിരിക്കുന്നത്.

ക്രിക്കറ്റിലെ ധോണിയുടെ നേട്ടങ്ങളെയും, ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്ത് ചെയ്ത നല്ല കാര്യങ്ങളെയും മോദി കുറിപ്പിലൂടെ പ്രശംസിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള ധോണിയുടെ തീരുമാനം ഇന്ത്യയിലെ 130 കോടി ജനങ്ങളെ നിരാശപ്പെടുത്തിയതായി പ്രധാനമന്ത്രി കത്തിൽ പറയുന്നു. നിരാശയുണ്ടെങ്കിലും ഒന്നര പതിറ്റാണ്ടു നീണ്ട ക്രിക്കറ്റ് കരിയറിൽ ഇന്ത്യയ്ക്കായി സ്വന്തമാക്കിയ നേട്ടങ്ങളിൽ രാജ്യം ധോണിയോട് കടപ്പെട്ടിരിക്കുമെന്നും മോദി കുറിച്ചു. പ്രധാനമന്ത്രിയുടെ ദയയുള്ള വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം.

'ഒരു കലാകാരൻ, സൈനികൻ, കായികതാരം എന്നിവർ ആഗ്രഹിക്കുന്നത് പ്രശംസയാണ്.അവരുടെ കഠിനാധ്വാനവും, ത്യാഗവും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. നന്ദി, പ്രധാനമന്ത്രി താങ്കളുടെ അഭിനന്ദനത്തിനും ആശംസകൾക്കും '-ധോണി ട്വീറ്റ് ചെയ്തു.

An Artist,Soldier and Sportsperson what they crave for is appreciation, that their hard work and sacrifice is getting noticed and appreciated by everyone.thanks PM @narendramodi for your appreciation and good wishes. pic.twitter.com/T0naCT7mO7

— Mahendra Singh Dhoni (@msdhoni) August 20, 2020

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി താൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചത്. ഓഗസ്റ്റ് 15 രാത്രി 7.30 മുതൽ താൻ വിരമിച്ചതായി കണക്കാക്കാമെന്നായിരുന്നു അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്.

2007ലെ ലോക ടി 20,2011 ലെ ലോകകപ്പ്, 2013ലെ ചാമ്പ്യൻ ട്രോഫി എന്നീ മൂന്ന് ഐ സി സി ട്രോഫികളും നേടിയ ധോണി ഇന്ത്യയിലെ മികച്ച ക്യാപ്റ്റനായി. 2009ൽ ധോണിക്ക് കീഴിൽ മികച്ച ടെസ്റ്റ് ടീമുമായി. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി മികച്ച ഫിനിഷറുള്ള ഒരാളായി മാറി. 350 മത്സരങ്ങൾ കളിക്കുകയും 10,773 റൺസ് നേടുകയും 444 പുറത്താക്കലുകൾ നേടുകയും ചെയ്ത ഏകദിന കരിയർ അവസാനിച്ചു. ടി-20 യില്‍ 98 മത്സരങ്ങളില്‍ നിന്നും 1617 റണ്‍സും ധോണി സ്വന്തമാക്കി.