കൊളോൺ : യൂറോപ്പ ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ ഇന്ന് ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും സ്പാനിഷ് ക്ളബ് സെവിയ്യയും ഏറ്റുമുട്ടുന്നു.ഇന്ത്യൻ സമയം രാത്രി 12.30ന് കലാശക്കളി . സോണി സിക്സ് ചാനലിൽ ഫൈനൽ ലൈവായി കാണാം.
ഇടിമുഴക്കമായി ഇന്റർ
ലോക്ക്ഡൗണിന് ശേഷമുള്ള മത്സരങ്ങളിൽ മികച്ച വിജയം നേടിയ ആത്മവിശ്വാസവുമായാണ് ഇന്റർ കലാശക്കളിക്ക് ഇറങ്ങുന്നത്.
പ്രീ ക്വാർട്ടറിൽ ഗെറ്റാഫെയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയ ഇന്റർ ക്വാർട്ടറിൽ ബയേർ ലെവർകൂസനെ 2-1നും സെമിയിൽ ഷാക്തർ ഡോണെസ്കിനെ 5-0ത്തിനുമാണ് കീഴടക്കിയത്.
2010 ന് ശേഷം ആദ്യമായാണ് ഇന്റർ മിലാൻ ഒരു യൂറോപ്യൻ ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
റൊമേലു ലുക്കാക്കു, ലൗതാരോ മാർട്ടിനെസ്,ഡി അംബ്രോസിയോ,ബറേല,ഡിവ്രീ തുടങ്ങിയവരാണ് ഇന്ററിന്റെ കുന്തമുനകൾ.
കഴിഞ്ഞ പത്ത് യൂറോപ്പ ലീഗ് മത്സരങ്ങളിലും ഗോൾ നേടിയിരുന്ന ലുക്കാക്കു മിന്നുന്ന ഫോമിലാണ്.
ചങ്കുറപ്പോടെ സെവിയ്യ
വലിയ അവകാശവാദങ്ങളൊന്നുമില്ലെങ്കിലും ആത്മാർഥമായ അദ്ധ്വാനത്തിലൂടെ വിജയം നേടാമെന്നുള്ള ആത്മവിശ്വാസവുമായാണ് സെവിയ്യയുടെ വരവ്.
ലോക്ക്ഡൗണിന് ശേഷം എ.എസ് റോമയെ 2-0ത്തിന് പ്രീക്വാർട്ടറിൽ തോൽപ്പിച്ച് തുടങ്ങിയ സെവിയ്യ ക്വാർട്ടറിൽ വോൾവർ ഹാംപ്ടണിനെ 1-0ത്തിനും സെമിയിൽ മറ്റൊരു ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-1നുമാണ് തോൽപ്പിച്ചത്.
ഏറ്റവും കൂടുതൽ (5) തവണ യൂറോപ്പ ലീഗ് നേടിയ റെക്കാഡിന് ഉടമകളാണ് സെവിയ്യ.2006,2007,2014,2015,2016 സീസണുകളിലാണ് സെവിയ്യ കിരീടം നേടിയിരുന്നത്.
അഞ്ചുതവണ ഫൈനലിലെത്തിയ സെവിയ്യ ഒരിക്കൽപ്പോലും കലാശക്കളിയിൽ തോറ്റിട്ടില്ല.
ഒക്കാമ്പസ്,എവർ ബനേഗ,സുസോ,ജീസസ് നവാസ് തുടങ്ങിയവരാണ് യൂലിയൻ ലൊപ്റ്റേഗുയി പരിശീലിപ്പിക്കുന്ന സെവിയ്യ നിരയിലെ പ്രധാന താരങ്ങൾ.