pettimudi

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 63 ആയി. ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. ഏഴുപേരെയാണ് ഇനി കണ്ടെത്താനുളളത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്ന് പതിനാല് കിലോമീറ്റർ അകലെ പുഴയോരത്ത് മരക്കൊമ്പിൽ തങ്ങിനിൽക്കുന്ന നിലിയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കണ്ടെത്താനുളളവർക്കുവേണ്ടിയുളള തെരച്ചിൽ തുടരുകയാണ്. അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. പുഴയിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. ലയങ്ങൾ നിന്നിരുന്ന സ്ഥലത്തെ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയുളള പരിശോധനയും നടക്കുന്നുണ്ട്.

ദുരന്തബാധിതർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചു. കേരളത്തിനൊപ്പം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ മൂന്നുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരുലക്ഷം രൂപയും ലഭിക്കും.