ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിൽ നൽകാൻ ഇന്ത്യയ്‌ക്ക് കഴിയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കൊവിഡ് കാരണം കനത്ത നഷ്‌ടമുണ്ടാകുമെന്ന് താൻ മുന്നറിയിപ്പ് നൽകിയപ്പോൾ മാദ്ധ്യമങ്ങൾ തന്നെ കളിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ജോലി നൽകാൻ കഴിയുന്നില്ലെന്ന് താൻ ഇന്ന് പറയുകയാണെന്നും നിങ്ങൾ അത് സമ്മതിക്കില്ലെങ്കിൽ ആറേഴ് മാസം കാത്തിരിക്കണമെന്നും രാഹുൽഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്കാണ് തൊഴിൽ നഷ്‌ടപ്പെട്ടത്. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലാണ്. ഫേസ്ബുക്കിൽ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്‌മയേയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവയ്‌ക്കാനാവില്ലെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഗുണഭോക്താക്കളുടെ പട്ടിക മോദി സർക്കാർ വിപുലീകരിച്ചിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
...India will not be able to provide employment to youth. Media made fun of me when I warned the country that there will be heavy loss due to #COVID19. Today I am saying our country won't be able to give jobs. If you don't agree then wait for 6-7 months: Rahul Gandhi, Congress pic.twitter.com/QlkMhrS5H2
രാജ്യം കഴിഞ്ഞ 40 വർഷത്തിനിടെയുള്ള ഏറ്റവുംവലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് അദ്ദേഹം നേരത്തെയും ആരോപിച്ചിരുന്നു. എന്നാൽ, സർക്കാർ അതൊന്നും കാണുന്നില്ല. കർഷകപ്രശ്‌നങ്ങളിലും തൊഴിലില്ലായ്‌മയിലും അവർ നിശബ്‌ദത പാലിക്കുകയാണ്. പതിനഞ്ച് ധനികരുടെ കടമായ അഞ്ചരലക്ഷം കോടിരൂപ മോദിസർക്കാർ എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.