തിരുവനന്തപുരം: കേരളത്തിൽ തൈറോയ്ഡ് കാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ 2020ലെ റിപ്പോർട്ടിൽ പറയുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരവും സമീപ ജില്ലയായ കൊല്ലവുമാണ് തൈറോയ്ഡ് കാൻസർ രോഗികളുടെ എണ്ണത്തിൽ മുന്നിൽ. ഇതുകൂടാതെ ഈ രണ്ട് ജില്ലകളിലെയും സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ കാൻസറും ബാധിക്കാനുള്ള സാദ്ധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസർച്ചും (ഐ.സി.എം.ആർ) നാഷണൽ സെന്റർ പോർ ഡിസീസ് ഇൻഫർമാറ്റിക്സ് ആൻഡ് റിസർച്ചും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ചികിത്സ തേടിയ സ്ത്രീകളിൽ ഒമ്പത് ശതമാനം പേർക്കും തൈറോയ്ഡ് കാൻസറായിരുന്നു. അരുണാചൽ പ്രദേശിലാണ് തൈറോയ്ഡ് കാൻസർ രോഗികൾ കൂടുതലുള്ളത്. തൈറോയ്ഡ് കാൻസർ വരാനുള്ള യഥാർത്ഥ കാരണങ്ങളെ കുറിച്ച് റിപ്പോർട്ടിൽ വിശദമാക്കുന്നില്ലെങ്കിലും റേഡിയോ ആക്ടീവ് മൂലകമായ തോറിയം കൊണ്ട് സമ്പുഷ്ടമായ മണലിന്റെ സാന്നിദ്ധ്യം ഇവിടങ്ങളിൽ കൂടൂതലായതു കൊണ്ടാവാമെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ.
കാൻസർ രോഗികൾ, ഇന്ത്യയിൽ വർദ്ധന
കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ 13.9 ലക്ഷമാണ് ഇന്ത്യയിലെ കാൻസർ രോഗികൾ. 2025 ഓടെ ഇത് 15.7 ലക്ഷമാകുമെന്നാണ് ഞെട്ടിക്കുന്ന കണക്ക്. 2016 12.3 ലക്ഷവും 2019ൽ 13.6 ലക്ഷവുമായിരുന്നു കാൻസർ രോഗികളുടെ എണ്ണം.
സ്തനാർബുദം വില്ലനാകും
പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കാൻസർ രോഗസാദ്ധ്യത ഏറെയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 2025 ആകുമ്പോഴേക്കും സ്തനാർബുദം സർവ സാധാരണമാകുമെന്ന ആശങ്കപ്പെടുത്തുന്ന വിവരവും റിപ്പോർട്ടിലുണ്ട്. 2.4 ലക്ഷം പേരാണ് സ്തനാർബുദ രോഗികളാവുക. ശ്വാസകോശ അർബുദം (1.1 ലക്ഷം), വായിലെ കാൻസർ (90,000) എന്നിങ്ങനെയാണ് റിപ്പോർട്ടിലെ നിഗമനം. ഇന്ത്യയിലെ 27 ശതമാനം (3.7 ലക്ഷം) കാൻസർ രോഗത്തിലും മുമ്പിൽ നിൽക്കുക പുകയില മൂലമുണ്ടാകുന്നതാണ്. 24.8 ശതമാനം സ്തനാർബുദം (2 ലക്ഷം പേർ), 5.4 ശതമാനം (75,000 പേർ) സെർവിക്കൽ (കഴുത്തിലുണ്ടാകുന്ന) കാൻസർ രോഗികളുമാണ്. പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നതാണ് ഗാസ്ട്രോ ഇന്റസ്റ്റൈനിൽ ട്രാക്ട് എന്ന രോഗാവസ്ഥ. ആകെ കാൻസർ രോഗത്തിന്റെ 19.7 ശതമാനം (2.7 ലക്ഷം പേരിൽ) വരുമിതെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളിൽ സ്തനാർബുദവും പുരുഷന്മാരിൽ ശ്വാസകോശ കാൻസറും ബാധിക്കാനുള്ള സാദ്ധ്യതയും കൂടുതൽ
പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കാൻസർ രോഗസാദ്ധ്യത ഏറെ
ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധന