തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൺസൾട്ടൻസിയും മാറ്റാൻ ഉദ്ദേശമില്ലെന്ന് മന്ത്രി എ.കെ ബാലൻ. ഇപ്പോഴുള്ളവരെവച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.ലൈഫ് ധാരണാ പത്രികയിൽ നിയമവകുപ്പ് എതിർപ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാവങ്ങൾക്ക് വീടു കിട്ടുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണെന്നും, രാജ്യദ്രോഹപരമായ നടപടിയാണ് അവരുടേതെന്നും,ജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും ബാലൻ പറഞ്ഞു. അതോടൊപ്പം കൂടെയുള്ള എം.എൽ.എമാർ അവിടെത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും മന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്.റെഡ്ക്രസന്റ് തയ്യാറാക്കിക്കൊണ്ടുവന്ന ധാരണാപത്രത്തിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ് സർക്കാരിന് വേണ്ടി ഒപ്പുവച്ചിരുന്നത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന ആരോപണത്തിനിടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചിരുന്നു.