പാരിസ്: ഏഴു പതിറ്റാണ്ടു മുൻപ് മോഷ്ടിക്കപ്പെട്ട ഒരു പെയിന്റിംഗ് തന്റെ ഉടമയെ കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ ഉടമ പെയിന്റിംഗ് വെർഡനിലെ വേൾഡ് സെന്റർ ഫോർ പീസിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. അതിനൊപ്പം ഒരു കുറിപ്പുമുണ്ട്. 'ഇതിലെ സ്ഥലമോ മറ്റു കാര്യങ്ങളോ തിരിച്ചറിയുന്നുണ്ടെങ്കിൽ ദയവു ചെയ്ത് ഞങ്ങളെ ബന്ധപ്പെടുക".
ഫ്രഞ്ച് ചിത്രകാരനായ നിക്കോളാസ് റൂസോയാണ് ഇത് വരച്ചതെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് ആകെയുള്ള അറിവ്. രണ്ടാം ലോക മഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നതാണ് ഈ പെയിന്റിംഗ്. നിലവിലെ പ്രദർശന ഹാളിൽ ഒരു വർഷം 60000ത്തോളം പേർ വരാറുണ്ട്. അവരിൽ ആരെങ്കിലും ഇതിന്റെ യഥാർത്ഥ ഉടമയിൽ തങ്ങളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിലെ ചിത്രത്തിന്റെ അവകാശികൾ. രണ്ടു ലക്ഷം മുതൽ നാലു ലക്ഷം വരെയാണ് ഇപ്പോൾ ഈ പെയിന്റിംഗിന്റെ വില.
നേച്ചർ പെയിന്റിംഗ് ഇഷ്ടപ്പെട്ടിരുന്നവരുടെ സംഘടനയായ ബാർബിസോൺ സ്കൂൾ ഒഫ് പെയിന്റേഴ്സിലെ അംഗമായിരുന്നു റൂസോ. 1944ൽ ജർമ്മനിയിൽ ഉദ്യോഗസ്ഥനായിരുന്ന ആൽഫ്രഡ് ഫോർമറിന് അദ്ദേഹത്തിന്റെ മേധാവിയാണ് ഈ പെയിന്റിംഗ് ഏൽപ്പിച്ചത്. അത് ഉടമയെ തിരിച്ചേൽപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഉടമയുടെ മേൽവിലാസം കണ്ടെത്തുമ്പോഴേക്ക് അയാൾ താമസിച്ചിരുന്ന കെട്ടിടം യുദ്ധത്തിൽ നശിച്ചുപോയി. അധികം വൈകാതെ ഫോർമറും ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഫോർമറുടെ ആഗ്രഹം സഫലമാക്കാനായി രംഗത്തിറങ്ങിയത്. എന്തായാലും തങ്ങളുടെ അന്വേഷണം ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.