തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച് കൊവിഡ് മാസങ്ങളായി കലിതുള്ളമ്പോൾ ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള വഴിതേടുകയാണ് ഓരോ നാടും. വൈറസിനെ കുറിച്ച് പഠിച്ചും വാക്സിൻ ഉൾപ്പെടെ വികസിപ്പിക്കാനുമുള്ള തത്രപ്പാടിലാണ് ഓരോ ഗവേഷണ സ്ഥാപനങ്ങളും. എന്നാൽ, കേരളത്തിൽ മാത്രം ഇതേക്കുറിച്ച് ആലോചനയില്ല. സർക്കാർ പൂർണമായും പ്രതിരോധ പ്രവർത്തനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രോഗവ്യാപനം ശമിച്ചതിന് ശേഷം ഗവേഷണം മതിയെന്ന നിലപാടിലാണ് ആരോഗ്യരംഗത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമാന്തരമായി ഗവേഷണങ്ങളും നടക്കണമെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. വിദഗ്ദ്ധരുടെ സംഗമ കേന്ദ്രമായ കേരള ആരോഗ്യ സർവകാലാശാലയുടെ നേതൃത്വത്തിൽ ഗവേഷണങ്ങൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് കരുതുന്നവരുമുണ്ട്. സംസ്ഥാനത്ത് നിലവിൽ കൊവിഡ് ബാധിതർ അരലക്ഷം കവിഞ്ഞു.
രാജ്യത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത കേരളം വൈറസിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഏഴുമാസം പൂർത്തിയാകുമ്പോൾ കാര്യക്ഷമമായ പ്രതിരോധത്തിലൂടെ വ്യാപനനിരക്കും മരണനിരക്കും പിടിച്ചുനിറുത്താൻ കഴിഞ്ഞുവെന്നത് ഇതുവരെയുള്ള ആശ്വാസമാണ്. എന്നാൽ, ഇനിയെങ്കിലും വൈറസിനെ കുറിച്ച് പഠിക്കണം. സംസ്ഥാനത്ത് വ്യാപിക്കുന്ന വൈറസിന്റെ സ്വഭാവം, വ്യാപനരീതി, പകർച്ചാശേഷി, തുടങ്ങിയവ മനസിലാക്കുന്നത് വാക്‌സിൻ എത്തുന്ന ഘട്ടത്തിൽ അതിവേഗത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സഹായകരമാകും. ആർ.എൻ.എ ഗണത്തിൽപ്പെട്ട കൊറോണ വൈറസുകൾക്ക് ജനിതകഘടനയിൽ മാറ്റം വന്നുകൊണ്ടിരിക്കും. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും പക്ഷികളിലേക്കും ഒരു വൈറസ് പടരാതിരിക്കുകയെന്നതാണ് അതിപ്രധാനം. അത്തരമൊരു സാഹചര്യമുണ്ടായാൽ പക്ഷി, മൃഗാദികളിൽ നിന്നും മനുഷ്യരിലേക്കും വ്യാപനമുണ്ടാകും. ഇതാണ് ആത്യന്തികമായി തടയേണ്ടത്. ഇതിനെല്ലാം വൈറസിനൊപ്പം ഒരു കൂട്ടം ഗവേഷകർ നിരന്തരം സഞ്ചരിക്കേണ്ടത് അനിവാര്യമാണ്. കൊവിഡിനെ തുരത്താൻ ലോകത്ത് വിവിധ ഭാഗങ്ങളിൽ 27 വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. നൂറിലേറെ ഗവേഷണങ്ങൾ പുരോഗമിക്കുകയുമാണ്. ഇവയിൽ 80 ശതമാനം ഗവേഷണങ്ങളും യൂണിവേഴ്‌സിറ്റികളുടെയും മെഡിക്കൽ കോളജുകളുടെയും നേതൃത്വത്തിലാണ്. അത്യാധുനിക സൗകര്യങ്ങളും മിടുക്കരായ മെഡിക്കൽ പ്രൊഫഷണലുകളും കേരളത്തിലുണ്ട്. എന്നാൽ ഇവിടത്തെ സൗകര്യങ്ങൾ വിനിയോഗിക്കാതെ കൊവിഡിനെതിരെ വലിയ വില നൽകി വിദേശ നിർമിത മരുന്നു വാങ്ങാനാണ് കേരളം ഇപ്പോൾ കാത്തിരിക്കുന്നത്. മുഖം തിരിച്ച് കേരളം കേരളത്തിൽ ഡെങ്കിപ്പനി രൂക്ഷമായി വ്യാപിച്ച 2016 - 17 കാലഘട്ടത്തിൽ സമഗ്രമായ ഗവേഷണം ഉണ്ടാകുമെന്ന് സർക്കാരും ആരോഗ്യവകുപ്പും പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ ചിക്കുൻഗുനിയയെയും ഡെങ്കിയെയും സംബന്ധിച്ച് പഠനം മാത്രമാണ് ആ മേഖലയിലുണ്ടായത്. നിപ്പ ഭീഷണി ഉയർത്തിയപ്പോഴും ഗവേഷണത്തിന് സജ്ജമാണെന്ന് ഉറക്കെ പറഞ്ഞെങ്കിലും അത് പോയതോടെ പിന്നെന്ത് ഗവേഷണം എന്ന മട്ടായി. ഗവേഷണം എന്ന മുഖ്യലക്ഷ്യത്തോടെയാണ് ആരോഗ്യസർവകലാശാല കേരളത്തിൽ ആരംഭിച്ചത്. 11 വർഷം പിന്നിടുമ്പാഴും ഒരു ഗവേഷണവും അവിടെ നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.