magnetic-field

ന്യൂഡൽഹി: സൂര്യനിൽ നിന്നുള‌ള മാരകമായ രശ്‌മികളേൽക്കാതെ ഭൂമിയെ സംരക്ഷിക്കുന്ന കാന്തിക വലയത്തിൽ

ഒരു കുഴി രൂപപ്പെട്ടിരിക്കുന്നു. ഗുരുതരമായ പ്രശ്‌നം എന്തെന്നാൽ ആ കുഴി ഇപ്പോൾ മുറിഞ്ഞ് രണ്ടായി മാറുകയാണ്. ഈ പ്രതിഭാസം ശാസ്‌ത്ര‌ജ്ഞരിൽ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. സാ‌റ്റലൈറ്റുകൾക്കും ആകാശ ദൗത്യങ്ങൾക്കും ബഹിരാകാശ നാവിഗേഷനും ഇത് അപകടമാണ് എന്ന് നാസ മുന്നറിയിപ്പ് നൽകുന്നു.

ദക്ഷിണ അമേരിക്കയ്‌ക്കും ദക്ഷിണ അ‌റ്റ്ലാന്റിക് സമുദ്രത്തിനും മുകളിലായി കാലങ്ങളായി നിലനിൽക്കുന്ന കാന്തിക വലയത്തിലെ കുഴി ഇപ്പോൾ വലുതാകുകയാണെന്ന് നാസ കണ്ടെത്തി. ഭൂമിയിൽ അധികം പ്രത്യാഘാതങ്ങളുണ്ടാക്കില്ലെങ്കിലും ബഹിരാകാശത്ത് നിന്നുള‌ള ഗതിനിയന്ത്രണ സംവിധാനത്തിന് തകർച്ചയുണ്ടാക്കാം.

സൂര്യനിൽ നിന്നുള‌ള അണു വികിരണത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുക ഈ കാന്തിക വലയങ്ങളാണ്. കാന്തിക വലയത്തിലെ തകർച്ച ഇതുവഴി കടന്നുപോകുന്ന ബഹിരാകാശ ഉപഗ്രഹങ്ങൾക്കും കേട് വരുത്തും. നിരവധി വർഷമായി നിലനിൽക്കുന്ന കാന്തിക വലയം ഇപ്പോൾ പടിഞ്ഞാറ് ഭാഗത്തേക്ക് കൂടുതൽ നീളുന്നതായും അതുവഴി അതിന്റെ തീവ്രത കുറഞ്ഞ് വരുന്നതായും നാസ കണ്ടെത്തി. ഇത് ഉപഗ്രഹ ദൗത്യങ്ങൾക്ക് വലിയ വെല്ലുവിളിയാകും ഉണ്ടാക്കുക.

കഴിഞ്ഞ 200 വർഷത്തിനിടെ കാന്തികവലയത്തിന് 9 ശതമാനം ശക്തി നഷ്‌ടമായതായി യൂറോപ്യൻ സ്‌പേസ് ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്. 1970ന് ശേഷം ഇത് വീണ്ടും മോശമായി. 8 ശതമാനം കൂടി കാന്തിക വലയത്തിലെ കുഴി വികസിച്ചു. നാസയിലെ ഭൗമ ശാസ്‌ത്ര‌ജ്ഞന്മാർ ഇവ പഠിക്കുകയും ഭാവിയിൽ എങ്ങനെ ദോഷകരമാകാം എന്ന് വിശകലനം ചെയ്യുകയുമാണിപ്പോൾ.

ഭൂമിയിലെ വിവിധ പ്രവർത്തനങ്ങൾ തന്നെയാണ് കാന്തിക വലയത്തിൽ കുഴി രൂപപ്പെടാൻ കാരണമെന്നാണ് നാസ അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ കാന്തിക അച്യുതണ്ടിലെ ചായ്‌വും ഭൂമിയുടെ അകക്കാമ്പിലെ പ്രവർത്തനങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാന്തിക അച്യുതണ്ടിൽ ഉണ്ടായ മാറ്റങ്ങൾ അകക്കാമ്പിന്റെ പുറത്ത് മാ‌റ്റം വരികയും ഇതിന്റെ ഫലമായി കാന്തികവലയത്തിന് മാ‌റ്റം വരികയുമാണെന്നാണ് നാസ കണ്ടെത്തിയത്.