enforcement

തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നാലേകാൽ കോടി രൂപയുടെ കമ്മിഷൻ തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടിയിരുന്നോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക‌്ടറേറ്റ് (ഇ.ഡി) ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകി. യു.എ.ഇ സർക്കാരിന് കീഴിലുള്ള സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് വഴിയുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടുകയും അത് ലഭിച്ചെങ്കിൽ ഇതുസംബന്ധിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ഇ.ഡി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമോപദേശവും മിനിട്ട്സും അടക്കമുള്ള രേഖകളും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏതുതരം വിദേശസഹായവും സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ അനുമതി വേണമെന്നിരിക്കെ ചട്ടങ്ങൾ ലംഘിച്ചായിരുന്നു ലൈഫിലെ നടപടിക്രമങ്ങൾ. വിദേശനാണ്യ വിനിമയചട്ടം (ഫെമ) അനുസരിച്ച് പണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതിയും വേണ്ടിയിരുന്നെങ്കിലും ഇതും വാങ്ങിയിരുന്നില്ല.

സ്വപ്നയുടെ നിർദേശം, വിരട്ടൽ

അതേസമയം,​ ലൈഫ് പദ്ധതിയുടെ നിർമ്മാണത്തിനായി റെഡ് ക്രസന്റ് യൂണിടാകിന് നൽകിയ ആദ്യ ഗഡു തന്നെ കൈക്കൂലിയായി മറിച്ചുനൽകിയെന്നും എൻഫോഴ്സ്‌മെന്റ് കണ്ടെത്തി. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിർമ്മാണ കരാർ ഉറപ്പിക്കാൻ സ്വപ്നയും യുഎഇ കോൺസുലേറ്റിലെ ഈജിപ്റ്റ് പൗരൻ ഖാലിദും യൂണിടെക്കിനോട് ആവശ്യപ്പെട്ടത് 20 ശതമാനം കമ്മിഷനായിരുന്നു. ഇത് നൽകാമെന്ന് യൂണിടെക് സമ്മതിച്ചതിനെ തുടർന്നാണ് കരാർ ഉറപ്പിച്ചത്. മുൻകൂറായി നൽകാൻ പണമില്ലെന്ന് യൂണിടെക് പ്രതിനിധികൾ അറിയിച്ചപ്പോൾ നിർമ്മാണത്തിനായി റെഡ് ക്രസന്റ് യൂണിടാകിന് നൽകുന്ന ആദ്യ ഗഡു കമ്മിഷനായി നൽകണമെന്ന നിർദ്ദേശം സ്വപ‌്‌ന മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇത് പ്രകാരമാണ് കരമനയിലെ സ്വകാര്യ ബാങ്കിലെ യൂണിടാക്കിന്റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി പിൻവലിച്ച് ഖാലിദിന് നൽകിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴി. കൈക്കൂലി പണം സ്വപ്നയും സരിത്തും ചേർന്ന് വിവിധ സ്ഥാപനങ്ങൾ വഴി ഡോളറാക്കി മാറ്റി. ഇതിന് ബാങ്ക് മാനേജർ സഹായിച്ചു. പണം വിദേശ കറൻസികളാക്കി മാറ്റാൻ സഹായിച്ചില്ലെങ്കിൽ അക്കൗണ്ട് പിൻവലിക്കുമെന്നും ഹൈദരാബാദിൽ തുടങ്ങുന്ന കോൺസുലേറ്റിന്റെ ഇടപാടുകൾ ബാങ്കിന് നൽകില്ലെന്നും സ്വപ്‌ന ഭീഷണിപ്പെടുത്തിയതായി ബാങ്ക് മാനേജർ ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ബാങ്കിലെ മുൻ ജീവനക്കാരൻ മുഖേന കണ്ണമ്മൂലയിൽ നടത്തിയിരുന്ന മൗറീസ് എന്ന സ്ഥാപനത്തിലൂടെ കുറച്ച് പണം സ്വപ്‌ന വിദേശ കറൻസിയാക്കി മാറ്റിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.