മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുചിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത് നവാല്‍നിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയെന്നും നവാല്‍നി തീവ്രപരിചരണത്തിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. നവാല്‍നിയുടെ ആരോഗ്യനില ഗുരുതരമാണ്. നവാല്‍നിയുടെ ആരോഗ്യനില മോശമായതോടെയാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ വക്താവ് കിര യര്‍മിഷ് പറഞ്ഞു. അബോധാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ് അദ്ദേഹമുള്ളതെന്നും ഇവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. വെന്റിലേറ്ററിന്റെ സഹായം നവാല്‍നിക്ക് നല്‍കുന്നുണ്ട്. രാവിലെ കുടിച്ച ചായയില്‍ വിഷം കലര്‍ത്തിയിരിക്കാനാണ് സാധ്യത. അദ്ദേഹം രാവിലെ ചായ കുടിച്ചിരുന്നു. വിശദമായ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും കിര യര്‍മിഷ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ വെച്ച് നവാല്‍നിയെ താന്‍ കണ്ടിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം ചായ കുടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടമായി. പിന്നാലെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചൂടുള്ള ദ്രാവകത്തിലൂടെ വിഷം ഉള്ളില്‍ ചെന്നതാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. പുചിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതില്‍ കേമനായിരുന്നു നവാല്‍നി. സര്‍ക്കാരിനെതിരെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നു.