ഒരിക്കൽ കണ്ടവരാരും പിന്നെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചിത്രം. ഈ സിനിമ കണ്ടിട്ട് പുറത്തിറങ്ങി നടക്കൂ. ഇരുളിന്റെ മറവിൽ തനിച്ചാകുമ്പോൾ എത്ര ധൈര്യശാലിയാണെങ്കിൽ പോലും ആരോ നമ്മെ പിന്തുടരുന്ന പോലെ തോന്നും.! 1973ൽ പുറത്തിറങ്ങി കാണികളെ ഒന്നടങ്കം ഭയത്തിന്റെ കൊടുമുടിയിൽ നിറുത്തിയ ആ ക്ലാസിക് ഹോറർ ത്രില്ലർ വീണ്ടും വരുന്നു. അതെ, തിയേറ്ററുകളെ ഇളക്കിമറിയ്ക്കാൻ ' ദ എക്സോർസിസ്‌റ്റ് ' വീണ്ടും വരുന്നു. !
1973 ലെ യഥാർത്ഥ 'ദ എക്സോർസിസ്‌റ്റ്' സിനിമയുടെ റീമേക്ക് അടുത്ത വർഷത്തോടെ തിയേറ്ററുകളിലെത്തിയേക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മോർഗൻ ക്രീക്ക് എന്റർടൈൻമെന്റാണ് ഈ 'മാരക ' ഹോറർ ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കൻ എഴുത്തുകാരൻ വില്യം പീറ്റർ ബ്ലാറ്റിയുടെ 'ദ എക്സോർസിസ്‌റ്റ് ' എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് 1973 ൽ പുറത്തിറങ്ങിയ സിനിമയും. വില്യം ഫ്രീഡ്കിൻ ആയിരുന്നു സംവിധായകൻ. മാക്സ് വോൺ സിഡോ, എലൻ ബർസ്‌റ്റൈൻ, ലിൻഡ ബ്ലെയർ തുടങ്ങിയവർ അഭിനയിച്ച എക്സോർസിസ്‌റ്റ് എക്കാലത്തെയും മികച്ച ഹോറർ ചിത്രങ്ങളിൽ ഒന്നാണ്. പിശാച് ബാധിക്കുന്ന കുട്ടിയുടെ കഥയാണിത്. ചിത്രത്തിന്റെ കഥ പോലെ തന്നെ അതിന്റെ ഷൂട്ടിംഗിനിടെ അണിയറപ്രവർത്തകരെ തേടി നിരവധി ദുരഃനുഭവങ്ങളും എത്തിയതായും പറയുന്നു.
താരതമ്യേന ചെറിയ ബഡ്ജറ്റ് ചിത്രമായിരുന്നിട്ടും, അധികം അറിയപ്പെടാത്ത അഭിനേതാക്കൾ അഭിനയിച്ചിട്ടുപോലും എക്സോർസിസ്‌റ്റ് ഉണ്ടാക്കിയ ഓളം ചില്ലറയല്ല. മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ പോലും നേടി. ഹോറർ വിഭാഗത്തിൽ നിന്നും ആദ്യമായാണ് ഒരു സിനിമ, മികച്ച ചിത്രത്തിനുള്ള ഓസ്കാറിനായി മത്സരിച്ചത്. 10 ഓസ്കാർ നോമിനേഷനുകളാണ് എക്സോർസിസ്‌റ്റിന് ലഭിച്ചത്. അന്ന് മുതൽ ദശാബ്‌ദങ്ങളോളം നീണ്ട യാത്രയിൽ എക്സോർസിസ്‌റ്റിന് സീക്വലുകളും ഒരു ടെലിവിഷൻ സീരീസും ഉണ്ടാവുകയും ചെയ്തു.
1977ൽ ദ എക്സോർസിസ്‌റ്റിന്റെ രണ്ടാം ഭാഗമായ ' എക്സോർസിസ്‌റ്റ് II: ദ ഹെറെറ്റിക് ' , 1990ൽ ' ദ എക്സോർസിസ്‌റ്റ് III' എന്നിവയും പുറത്തിറങ്ങി. എക്സോർസിസ്‌റ്റ്: ദ ബിഗിന്നിംഗ് ( 2004 ), ഡൊമിനിയൻ : പ്രീക്വൽ ടു ദ എക്സോർസിസ്‌റ്റ് ( 2005 ) എന്നിവയും ഈ ഭൂതക്കഥയുടെ പിന്തുടർച്ചാവകാശികളായി തിയേറ്ററുകളെ ത്രസിപ്പിച്ചു. 2016 - 2017 വർഷത്തിൽ രണ്ട് സീസണുകളായാണ് എക്സോർസിസ്‌റ്റിന്റെ ടി.വി സീരീസ് ഫോക്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തത്.
അവസാനം പുറത്തിറങ്ങിയ മൂന്ന് എക്സോർസിസ്‌റ്റ് സിനിമകളുടെയും നിർമാണം മോർഗൻ ക്രീക്ക് എന്റർടൈൻമെന്റായിരുന്നു നിർവഹിച്ചത്. പുതിയ എക്സോർസിസ്‌റ്റ് റീമേക്ക് ഒരുങ്ങുന്നതായി ഹോളിവുഡ് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ' ദ എക്സോർസിസ്‌റ്റ് ( 1973) ' എന്ന ചെകുത്താൻ സിനിമയെ ഇനി വീണ്ടും ' പുനർജനിപ്പിക്കാനില്ലെന്ന് ' മോർഗൻ ക്രീക്ക് എന്റർടൈൻമെന്റ് അഞ്ച് വർഷം മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു. അതേ സമയം, എക്സോർസിസ്‌റ്റ് റീമേക്കിനെ സംബന്ധിച്ച വാർത്തകളോട് മോർഗൻ ക്രീക്ക് എന്റർടൈൻമെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യംഗ് ഗൺസ്, ട്രൂ റൊമാൻസ്, ഏസ് വെഞ്ചുറ: പെറ്റ് ഡിക്ടറ്റീവ്, റോബിൻഹുഡ് : പ്രിൻസ് ഒഫ് തീവ്സ്, ദ ലാസ്‌റ്റ് ഒഫ് ദ മൊഹികൻസ് തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ പിന്നിൽ അമേരിക്കൻ പ്രൊഡക്ഷൻ കമ്പനിയായ മോർഗൻ ക്രീക്ക് എന്റർടൈൻമെന്റ് ആണ്.