മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത രാഷ്ട്രീയ ശത്രുവും അഴിമതി വിരുദ്ധ പോരാളിയും രാജ്യത്തെ കരുത്തുറ്റ പ്രതിപക്ഷനേതാവുമായ അലക്‌സി നവൽനിയെ ( 44 ) കൊലപ്പെടുത്താൻ അജ്ഞാതർ ചായയിൽ വിഷം കലർത്തി നൽകിയതിനെ തുടർന്ന് അദ്ദേഹം അത്യാസന്ന നിലയിലായി.
ഇന്നലെ വിമാനത്തിൽ കുഴഞ്ഞു വീണ നവൽനി ആശുപത്രിയിൽ വെന്റിലേറ്ററിൽ കോമയിലാണ്. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ കഠിന പരിശ്രമത്തിലാണ്.
സൈബീരിയൻ പട്ടണമായ ടോംസ്‌കിലെ വിമാനത്തക്കാവളത്തിലെ കഫേയിൽ നിന്നാണ് ഇന്നലെ രാവിലെ അദ്ദേഹം ചായകുടിച്ചത്. അവിടെ നിന്ന് മോസ്‌കോയിലേക്കുള്ള വിമാന യാത്രയ്‌ക്കിടെ കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായി. ടോയ്ലെറ്റിലേക്ക് പോയ അദ്ദേഹം ബോധം കെട്ട് വീഴുകയായിരുന്നു. അടിയന്തരമായി ഓംസ്‌കിലേക്ക് തിരിച്ചു വിട്ട വിമാനം അവിടെ എമർജൻസി ലാൻഡിംഗ് നടത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രി നിറയെ പൊലീസുകാരാണെന്നും ആദ്യം വിവരങ്ങൾ നൽകിയ ഡോക്ടർമാർ ഇപ്പോൾ അതിന് മടിക്കുന്നതായും നവൽനിയുടെ വക്താവ് കിര യാർമിഷ് പറഞ്ഞു.ട്വീറ്റിൽ അറിയിച്ചു.
നവൽനിയുടെ ഭാര്യ യൂലിയ നവൽനായ ആശുപതിയിൽ എത്തിയെങ്കിലും അദേഹത്തെ കാണാൻ ആദ്യം അനുവദിച്ചില്ലെന്നും അവർ പറഞ്ഞു. അദേഹത്തെ യൂറോപ്പിലെ പ്രശസ്തമായ വിഷ ചികിത്സാ ആശുപത്രിയിലേക്ക് മാറ്റാൻ ഭാര്യ ശ്രമിച്ചെങ്കിലും ഡോക്ടർമാർ ചികിത്സാ രേഖകൾ നൽകുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
"നവൽനി വിമാനത്തിൽ നന്നേ വിയർക്കുന്നുണ്ടായിരുന്നു. ബോധം മറയാതിരിക്കാൻ തന്നോട് സംസാരിച്ചുകൊണ്ടിരിക്കാനും ആവശ്യപ്പെട്ടു. വിമാനത്തിലെ ടോയ്‌ലെറ്റിൽ പോയ അദ്ദേഹം വേദനയിൽ പുളഞ്ഞ് നിലവിളിച്ച് കുഴഞ്ഞു വീണു. രാവിലെ അദ്ദേഹം ചായ മാത്രമേ കഴിച്ചിട്ടുള്ളൂ. അതിലൂടെ വിഷബാധയേറ്റെന്നാണ് സംശയം.ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിൽ കോമയിലാണ് ''.
--നവൽനിയുടെ വക്താവ് കിര യാർമിഷ്
അലക്സി നവൽനി
അഭിഭാഷകനും ആക്ടിവിസ്റ്റുമായ അലക്സി അനട്ടോളീവിച്ച് നവൽനി 2000ൽ യബ്ളോക്കോ എന്ന പാർട്ടിയിലൂടെ രാഷ്ട്രീയം ആരംഭിച്ചു. 2007ൽ ദ പ്യൂപ്പിൾ എന്ന പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനായി. റഷ്യൻ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ. ദ പ്യൂപ്പിൾ വിട്ട നവൽനി പ്രോഗ്രസ് പാർട്ടിയിൽ ചേർന്നു. 2013ലെ തിരഞ്ഞെടുപ്പിൽ റഷ്യയിലെ ശക്തനായ നേതാവായി.
പ്രസിഡന്റ് പുട്ടിന്റെ കാലാവധി രണ്ട് തവണകൂടി നീട്ടിയ ഭരണഘടനാ ഭേദഗതിയെ ഉൾപ്പെടെ വെല്ലുവിളിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടി കള്ളന്മാരുടെ പാർട്ടിയാണെന്ന് ആക്ഷേപിച്ചു. നവൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനിൽ റെയ്ഡ്. നിരവധി തവണ ജയിൽ വാസം. 2019ൽ ജയിലിൽ അലർജി പിടിപെട്ടതിലും വിഷ ബാധ സംശയിച്ചിരുന്നു. 2017ൽ ആക്രമണത്തിൽ ഇടതുകണ്ണിന് പരിക്ക്.