കൊച്ചി: കവിയൂർ പീഡനകേസിൽ വി.ഐ.പികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തെളിവുകളില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ. ടി പി നന്ദകുമാർ പരാതിപ്പെട്ടത് പോലെ ലത നായർ അനഘയെ വി.ഐ.പികളുടെ അടുത്തു കൊണ്ടുപോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ വാദം. ടി.പി നന്ദകുമാർ ഉന്നയിച്ചത് കളവാണെന്നും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി.
കേസിൽ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞെന്നും എന്നാൽ വീടിന് പുറത്ത് നിന്ന് ആരെങ്കിലും പീഡിപ്പിച്ചതായി തെളിവില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
പെൺകുട്ടി പീഡനത്തിന് ഇരയായെന്നതിന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിവുണ്ട്. എന്നാൽ വീടിന് പുറത്തുള്ള ആരെങ്കിലും പീഡിപ്പിച്ചതായി കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോർട്ട് കോടതിക്ക് നൽകിയതാണ്. സാദ്ധ്യമായ എല്ലാ അന്വേഷണവും ഇതിനോടകം നടത്തി. പോളിഗ്രാഫ് ടെസ്റ്റ് അടക്കം നടത്തിയതെന്നും സി.ബി.ഐ കോടതിയെ ബോദ്ധ്യപ്പെടുത്തി.