peroor

തിരുവനന്തപുരം: മലയോര പ്രദേശമായ നെടുമങ്ങാട് നിന്ന് നഗരത്തിലേക്ക് കടക്കുന്നതിനുള്ള പ്രവേശന കവാടമാണ് പേരൂർക്കട. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന പേരൂർക്കട ശാപമോക്ഷം കാത്തുകിടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. രണ്ടു കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന പേരൂർക്കടയിലെ റോഡുകളിൽ ലോക്ക് ഡൗണിന് മുമ്പ് വാഹനങ്ങൾ നിരനിരയായി കിടക്കുന്നത് പതിവായിരുന്നു. വഴയിലയിൽ നിന്ന് ആരംഭിച്ച് കവടിയാറിൽ അവസാനിക്കുന്ന പ്രധാനപാത രാവിലെയും വൈകുന്നേരവും കടന്നുകിട്ടണമെങ്കിൽ ഭഗീരഥ പ്രയത്നം വേണ്ടിവരും. കാൽനട യാത്രക്കാരാണെങ്കിൽ സർക്കസും കൂടി പഠിക്കേണ്ടിവരും. നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഏണിക്കര, പുരവൂർക്കോണം മുതൽ ഇഴഞ്ഞിഞ്ഞാണ് പേരൂർക്കട കടക്കുന്നത്. വഴയിലയിലെ നാലുവരി ചേരുന്ന പാത കടന്നുകിട്ടിയാലും പേരൂർക്കട ടൗൺ കടക്കണമെങ്കിൽ പിന്നെയും കാത്തിരിക്കണം. എ.കെ.ജി. നഗറിൽനിന്ന് പേരൂർക്കടയിലെത്തേണ്ട വാഹനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുടപ്പനക്കുന്ന് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും മണ്ണാംമൂല ശാസ്തമംഗലം ഭാഗത്തു നിന്നുവരുന്ന വാഹനങ്ങളും കൂടിയാകുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിന്റെ പ്രതീതിയാണ് പേരൂർക്കടയിൽ. നാലു ട്രാഫിക് പൊലീസും, രണ്ടു ട്രാഫിക് സിഗ്നലുകളും കിണഞ്ഞു പരിശ്രമിച്ചാലും രക്ഷയുണ്ടാവില്ല. മാത്രമല്ല അപകടങ്ങളും നിത്യസംഭവം. കൊവിഡ് വ്യാപനംമൂലം വാഹനങ്ങൾ കുറഞ്ഞതിനാൽ ഇപ്പോൾ അൽപ്പം ആശ്വാസമുണ്ട്. എന്നാൽ, ബസുകൾ കൂടി ഓടിത്തുടങ്ങുന്നതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയാവും.

ഏഴ് മാസ്‌റ്റർ പ്ളാനുകൾ

20 കൊല്ലത്തിനിടെ പേരൂർക്കടയുടെ വികസനത്തിനായി ഏഴ് മാസ്റ്റർ പ്ലാനുകളാണ് നഗരസഭ കൊണ്ടുവന്നത്. എന്നാൽ, അവയിലൊന്നുപോലും നടപ്പിലാക്കാൻ നഗരസഭയ്ക്ക് ആയിട്ടില്ല.

ഫ്ളൈഓവർ പോംവഴി

2002ലാണ് പേരൂർക്കടയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഫ്ളൈഓവർ എന്ന ആശയം പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുവച്ചത്. തങ്കമ്മ മെമ്മോറിയൽ സ്‌റ്റേഡിയം കഴിഞ്ഞ് ഇടതുഭാഗത്തുനിന്നു തുടങ്ങി വാട്ടർ അതോറിട്ടിയുടെ ഓഫീസിന് സമീപത്ത് അവസാനിക്കുന്ന വിധമാണ് ആദ്യഘട്ടത്തിൽ പദ്ധതി തയ്യാറാക്കിയത്. നഗരസഭയുടെ പൊതുമരാമത്ത് വിഭാഗം ഇതിനായി മാസ്റ്റർപ്ലാനും തയ്യാറാക്കി. പദ്ധതി നടപ്പാക്കാൻ വ്യാപാരികളുടെയും വസ്തു ഉടമകളുടെയും യോഗം വിളിച്ചുചേർത്തതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. സർക്കാർ ഫണ്ടുകളുടെ അപര്യാപ്തതയാണ് ഫ്ളൈവഓവർ യാഥാർത്ഥ്യമാകാത്തതിന് കാരണമെന്നാണ് വിശദീകരണം.

വർഷാവർഷം ബഡ്ജറ്റിൽ ഫ്ളൈ ഓവറോ അണ്ടർപാസേജെന്നോ പറഞ്ഞ് തുക പ്രഖ്യാപിക്കും. പക്ഷേ, കൂട്ടിക്കിഴിച്ചു വരുമ്പോൾ പണമൊന്നും കിട്ടാറില്ല. ജനപ്രതിനിധികളും സൗകര്യപൂർവം ഇതങ്ങ് മറക്കും. ഏറ്റവും ഒടുവിലെ ബഡ്‌ജറ്റിലും ധനമന്ത്രി തോമസ് ഐസക് അഞ്ച് കോടി പ്രഖ്യാപിച്ചിരുന്നു. ശ്രീകാര്യത്തും ചാക്കയിലുമൊക്കെ സ്ഥാപിച്ചതു പോലുള്ള ഫ്ളൈഓവർ അടിയന്തരമായി നിർമ്മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.