ബീജിംഗ്: ലോകം കൊവിഡ് മഹാമാരിയുടെ പിടിയിൽ വലയുമ്പോഴും ചൈനീസ് മാദ്ധ്യമങ്ങൾ ആഘോഷമാക്കുന്നത് വുഹാനിലെ അവധിയാഘോഷ ചിത്രങ്ങളാണ്. കഴിഞ്ഞ ഡിസംബറിൽ വുഹാനിലാണ് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്നിങ്ങോട്ട് ലോകമൊട്ടാകെ മഹാമാരി പടർന്നു പിടിക്കുകയായിരുന്നു. വുഹാനിലെ മായാബീച്ച് വാട്ടർ പാർക്കിൽ കഴിഞ്ഞ ദിവസം നടന്ന അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. സാമൂഹിക അകലമോ മാസ്കോ ഒന്നുമില്ലാതെയാണ് ജനങ്ങൾ ജീവിതം ആഘോഷിക്കുന്നത്. ആഘോഷം വരുന്ന 30ന് അവസാനിക്കും. കൊവിഡിന്റെ പിടിയിൽ നിന്ന് ജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്ന് ബോദ്ധ്യപ്പെടുത്താനാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.