trivandrum-airport

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പും അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തെ ലോക നിലവാരത്തിലാക്കുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവള വികസനത്തിന് 1600 കോടി നീക്കിവച്ചതു കൂടാതെ 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്.

സ്വകാര്യനാവുമ്പോൾ

 വിമാന സർവീസുകളുടെ നിയന്ത്രണമൊഴികെ വിമാനത്താവള അതോറിട്ടിക്ക് അധികാരം നഷ്‌ടം. പാട്ടഭൂമിയിൽ നിയന്ത്രണമില്ലാതാകും

 വിദേശ നിക്ഷേപത്തോടെ സൗകര്യങ്ങൾ വരുന്നതോടെ, മുടക്കുമുതൽ തിരിച്ചുപിടിക്കാൻ യൂസർ ഫീസ് വർദ്ധിപ്പിക്കും

 ഗ്രൗണ്ട് ഹാൻഡ്‌ലിംഗിലെ 1200 ജീവനക്കാർക്കുൾപ്പെടെ ജോലി നഷ്ടപ്പെടാം, അതോറിട്ടിയുടെ റിക്രൂട്ട്മെന്റ് ഇല്ലാതാവും

 വിമാനത്താവള നടത്തിപ്പിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടുന്നത് 1200 ജീവനക്കാരെ ബാധിക്കും

 ​ഡി.ജി.എം റാങ്കിന് താഴെയുള്ള എയർപോർട്ട് അതോറിട്ടി ജീവനക്കാർക്ക് പരമാവധി മൂന്നുവർഷം

വിമാനത്താവളത്തിൽ തുടരാം. ഈ കാലയളവിലെ ശമ്പളം അദാനി ഗ്രൂപ്പ് നൽകണം. അതിനു ശേഷം ജീവനക്കാർക്ക് അദാനി ഗ്രൂപ്പിൽ ചേരാം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിപ്പോകണം

 അന്താരാഷ്ട്ര സർവീസുകൾ കുറഞ്ഞ്, വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു. ജെറ്റ്, സൗദിയ, ഫ്ലൈ ദുബായ്, സിൽക്ക് എയർലൈനുകൾ ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ അവസാനിപ്പിച്ചു

 എയർപോർട്ട് അതോറിട്ടി നേരത്തേ പ്രഖ്യാപിച്ച 600 കോടിയുടെ വികസനപദ്ധതികളും മരവിപ്പിച്ചു. നിലവിലെ 33,300 ചതുരശ്ര അടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്ര അടി കൂട്ടിച്ചേർക്കുന്നതടക്കമുള്ള പദ്ധതിയായിരുന്നു ഇത്.

വരുമാന വഴികൾ

 ചെറിയ ഡ്യൂട്ടിഫ്രീഷോപ്പ് ഏറ്റെടുത്ത് വലുതാക്കാം.നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നു. പ്രതിവർഷം ലാഭം 250 കോടി

 കണ്ണൂരിലേതുപോലെ ആഭ്യന്തരടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെ വലിപ്പം കൂട്ടാം

 ടെർമിനലിൽ ഷോപ്പിംഗ് കേന്ദ്രങ്ങൾ തുറക്കാം. ട്രോളിയിൽ വരെ പരസ്യം പതിക്കാം. വാണിജ്യ- പരസ്യങ്ങളിലൂടെ 700 കോടിയാണ് നെടുമ്പാശേരിയിലെ വരുമാനം

വെല്ലുവിളി
സ്ഥലക്കുറവാണ് അദാനിക്ക് വെല്ലുവിളിയാവുക. 628.70 ഏക്കർ ഭൂമി കിട്ടുമെങ്കിലും ടെർമിനൽ വികസനത്തിനു പോലും തികയില്ല. 13 ഏക്കർ ഏറ്റെടുത്താലേ റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാവൂ. ടെർമിനൽ വികസനത്തിനും 18 ഏക്കർ ഏറ്റെടുക്കണം. പണമുണ്ടാക്കാനുള്ള റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമിയില്ല. വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാവൂ. നെടുമ്പാശേരിയിൽ 1300, കണ്ണൂരിൽ 3200, ബംഗളൂരുവിൽ 5200 ഏക്കർ ഭൂമിയുണ്ട്.

ചരിത്രം

 1935- കൊല്ലത്ത് ആരംഭിച്ച എയ്‌റോ ഡ്രോം തലസ്ഥാനത്തേക്ക് മാറ്റി

 1997- തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആദ്യമായി അന്താരാഷ്ട്ര സർവീസ്

 1991 ജനുവരി 1- തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി

 2000 സെപ്തംബർ 1- 24 മണിക്കൂറും പ്രവർത്തിക്കുന്ന വിമാനത്താവളമായി മാറി

 2011- ശംഖുംമുഖത്ത് പ്രവർത്തിച്ചിരുന്ന വിമാനത്താവളം ചാക്കയിലേക്ക് മാറ്റി