sasi-tharoor

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ സർക്കാരും പ്രതിപക്ഷവും എതിർക്കുമ്പോഴും ശശി തരൂർ എം.പി അനുകൂലിച്ചത് ശ്രദ്ധേയമായിരുന്നു. വിമാനത്താവളം സ്വകാര്യവത്കരണം വികസനത്തെ വേഗത്തിലാക്കുമെന്ന് പറഞ്ഞ തരൂർ, മുമ്പ് കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ നൽകിയ അഭിമുഖം വൈറലാവുകയാണ്. അന്ന് അഭിമുഖത്തിനിടെ തരൂർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

പല അന്താരാഷ്‌ട്ര കമ്പനികളെയും തിരുവനന്തപുരത്തേക്ക് ക്ഷണിക്കുമ്പോഴും അവർ ആദ്യം ചോദിക്കുക ഫ്ലൈറ്റുകൾ ഇല്ലാത്ത സ്ഥലത്തേക്ക് തങ്ങൾ എങ്ങനെ വരുമെന്നാണെന്ന് തരൂർ അഭിമുഖത്തിൽ ചോദിക്കുന്നു. ഇക്കാരണത്താൽ പല കമ്പനികളും തിരുവനന്തപുരത്തേക്ക് വരുന്നതിന് ബുദ്ധിമുട്ടറിയിച്ചതായും തരൂർ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. തന്റെ അഭിപ്രായത്തിൽ തിരുവനന്തപുരം നഗരത്തിന്റെ വികസനം പ്രധാനമാണ്. അതിന് ഇവിടെ അന്താരാഷ്ട്ര വിമാനസർവീസുകൾ എത്തണം. അതോടെ അന്താരാഷ്ട്ര കമ്പനികൾ തിരുവനന്തപുരത്തേക്ക് എത്തുകയും നഗരത്തിൽ വികസനം പ്രാവർത്തികമാവുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ പ്രതിനിധിയായ തനിക്ക് തിരുവനന്തപുരത്തെ വികസനമാണ് പ്രധാനം. ആ നിലയ്ക്ക് തിരുവനന്തപുരത്തിന്റെ വികസനത്തിനായി വിമാനത്താവളം സ്വകാര്യവത്കരിച്ചാലും തെറ്റില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് തരൂർ അന്ന് പറഞ്ഞ വാക്കുകളുടെ പൂർണരൂപം കാണാം; വീഡിയോ ചുവടെ.

വിമാനത്താവള നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയിരുന്നു. തുടർന്നാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമേ ജയ്‌പൂർ, ഗുവഹാത്തി വിമാനത്താവളങ്ങളും 50 വർഷത്തിന് പാട്ടത്തിന് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതിയിരുന്നു.