thai

ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രധാനമന്ത്രി പ്രയൂട്ട് ചാൻ ഒ ചായുടെ ഏകാധിപത്യ ഭരണത്തിനെതിരെയും അഴിമതികൾക്കെതിരെയും പ്രതിഷേധം ശക്തമാകുന്നു. ബെലാറസ്, മാലി എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് തായ്‌ലൻഡിലും സർക്കാരിനെ ജനങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പ്രതിഷേധിക്കുന്നവരെയും എതിർക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. 2014ലെ സൈനിക അട്ടിമറിയെ തുടർന്നാണ് പ്രയൂട്ട് പ്രധാനമന്ത്രിയായത്.

2019ൽ പ്രയൂട്ട് വീണ്ടും അധികാരത്തിലെത്തിയെങ്കിലും തായ്‌ലൻഡിന്റെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞിരുന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ സർക്കാർ വിരുദ്ധ റാലിയാണ് ഞായറാഴ്ച ബാങ്കോക്കിൽ നടന്നത്. , തായ്‌ലാൻഡിനെ ജനാധിപത്യമായി ഉയർത്തിപ്പിടിച്ച് ഭരണഘടന പ്രകാരം രാജാവിനൊപ്പം രാഷ്ട്രത്തലവനെ നിയമിക്കുക തുടങ്ങി ആറോളം ആവശ്യങ്ങളാണ് പ്രക്ഷോഭകർ സർക്കാരിനു മുന്നിൽ വച്ചത്. ഭരണഘടനാപരമായ രാജവാഴ്ചയെ പരസ്യമായി വിമർശിക്കുകയും പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന 10 ആവശ്യങ്ങളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയ നേതാക്കൾ, ഈ മാസം ആദ്യം അവരുടെ യഥാർത്ഥ അജണ്ട വിപുലീകരിച്ചപ്പോൾ രാജവാഴ്ചയ്‌ക്കൊപ്പം ജനാധിപത്യവും എന്ന് തിരുത്തിയത് വിവാദത്തിന് കാരണമായിരുന്നു.

രാജഭക്തരായ ജനത

തായ്ലാൻഡിൽ രാജവാഴ്ചയെ പവിത്രമായാണ് കണക്കാക്കുന്നത്. രാജകുടുംബാംഗങ്ങളെ വിമർശിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് മുതൽ 15 വർഷം വരെ തടവും അനുഭവിക്കണം.

സമരത്തിന് വിദ്യാർത്ഥികളും

സ്കൂൾ വിദ്യാർത്ഥികളും സമരത്തിനു മുൻപന്തിയിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വവും അവരുടെ അഭിപ്രായങ്ങൾ ഭയമോ ഭയപ്പെടുത്തലോ ഇല്ലാതെ സമാധാനപരമായി പ്രകടിപ്പിക്കാൻ കഴിയണമെന്ന് ഉറപ്പുവരുത്തണമെന്ന് യുനിസെഫ് രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.