ബാഴ്സലോണ : 28 കൊല്ലം മുമ്പ് ആദ്യമായി ബാഴ്സലോണയെ യൂറോപ്യൻ കപ്പിൽ മുത്തമിടീച്ച, വിഖ്യാതനായ യൊഹാൻ ക്രൈഫ് പരിശീലിപ്പിച്ച ഡ്രീം ടീം എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘത്തിൽ അംഗമായിരുന്നു റൊണാൾഡ് കൂമാൻ എന്ന ഡച്ചുകാരൻ. ഇപ്പോൾ മറ്റൊരു ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ചില്ലുകഷ്ണം പോലെ ചിതറിക്കിടക്കുന്ന ബാഴ്സയിലേക്ക് അയാൾ വീണ്ടും വരികയാണ്. പഴയ ബാഴ്സലോണയെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യം.
അതത്ര ചില്ലറക്കാര്യമൊന്നുമല്ലെന്ന് ഇപ്പോൾ 57കാരനായ കൂമാന് നന്നായി അറിയാം. ആദ്യം ചില്ലുകഷ്ണങ്ങൾ പെറുക്കിക്കളയുന്ന പോലെ ക്ളബിന് വേണ്ടാത്ത കളിക്കാരെ ഉപേക്ഷിക്കണം. ഇനിയും ഉപയോഗിക്കാൻ കഴിയുന്നവരുടെ മനസിൽ നിന്ന് ബയേണിൽ നിന്നേറ്റ തോൽവിയുടെ പോറലുകൾ മായ്ച്ചുകളഞ്ഞ് തിളക്കം തിരികെ വരുത്തണം. പിന്നെ കൊള്ളാവുന്നവരെ കൊണ്ടുവരണം.ഇങ്ങനെ റീബിൽഡ് ബാഴ്സലോണയുടെ മാസ്റ്റർ പ്ളാനുമായാണ് കൂമാൻ ആംസ്റ്റർഡാമിൽ നിന്ന് വണ്ടി കയറിയിരിക്കുന്നത്.
നേരത്തേതന്നെ ബാഴ്സ കോച്ചാകേണ്ടതായിരുന്നു കൂമാൻ. ജനുവരിയിൽ വാൽവെർദെയെ മാറ്റിയപ്പോൾ കൂമാനെയാണ് ആദ്യം വിളിച്ചത്. എന്നാൽ ഹോളണ്ട് ടീമിന്റെ ഉത്തരവാദിത്വം ഏറ്റുപോയതിനാൽ അസൗകര്യം പറഞ്ഞു. അങ്ങനെയാണ് ക്വിക്കെ സെറ്റിയാൻ വന്നത്. പിന്നെ കൊവിഡ് വന്നു. ബാഴ്സയ്ക്ക് കഷ്ടകാലം വന്നു. ദേശീയ ടീമുകൾക്ക് എന്നിനി കളക്കളത്തിലിറങ്ങാൻ കഴിയുമെന്ന് അറിയാൻ കഴിയാതെയായി. അങ്ങനെ ബാഴ്സയുടെ വിളി കേൾക്കാൻ കൂമാന് നേരവും ലഭിച്ചു.
ലിസ്ബണിലെ മുറിപ്പാടുണങ്ങാൻ കാലമേറി വേണ്ടിവരും. പക്ഷേ കൂമാന് എത്രനാൾ ബാഴ്സയിൽ തുടരാനാകും എന്നത് മറ്റൊരു ചോദ്യമാണ്. കാരണം വൻ തോൽവിയുടെ ആഘാതത്തിൽ നിന്ന് രക്ഷപെടാൻ ബാഴ്സലോണ ക്ളബിന്റെ പ്രസിഡന്റ് ബാർത്തോമ്യൂ നടത്തിയ തരികിടക്കളിയാണ് കോച്ച് സെറ്റിയാന്റെയും സ്പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാലിന്റെയും പുറത്തുപോക്ക്. അടുത്തവർഷം ക്ളബിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ബാർത്തോമ്യൂ വീണ്ടും മത്സരിച്ചാൽ ജയിക്കാനും അതിനാൽത്തന്നെ മത്സരിക്കാനും സാദ്ധ്യതയില്ല. താൻ അധികാരത്തിൽവന്നാൽ പഴയ കളിക്കാരൻ ചാവി ഹെർണാണ്ടസിനെ കോച്ചായി കൊണ്ടുവരുമെന്ന് എതിർപക്ഷത്തെ കരുത്തനായ വിക‌്ടർ ഫോണ്ട് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഖത്തർ ക്ളബ് അൽ സാദിന്റെ കോച്ചായ ചാവി തന്നെയാണ് മെസിയുടെയും ഫേവ്റിറ്റ്.അതുകൊണ്ട് ചാവി വരുന്നതുവരെ മാത്രം താക്കോൽ സ്ഥാനത്ത് കൂമാനെ കരുതിയാൽ മതി.
കഴിഞ്ഞ ദിവസം ബാഴ്സലോണ കോച്ചായി ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട കൂമാൻ തന്റെ നയം വ്യക്തമാക്കിയിരുന്നു. ക്ളബിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും നവീകരണത്തിന്റെ ശൈലിയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കൂമാന്റെ വാക്കുകളിലേക്ക്...
ബാഴ്സലോണ എനിക്ക് സ്വന്തം വീടുതന്നെയാണ്. ഇങ്ങോട്ടേക്ക് വരുന്നത് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ ഈ വരവ് അത്ര സുഖമുള്ള സമയത്തല്ല. പക്ഷേ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം.
ബയേണിനെതിരെ കണ്ടതല്ല യഥാർത്ഥ ബാഴ്സലോണ എന്ന് തെളിയിക്കുകയാണ് ആദ്യ ലക്ഷ്യം . നമ്മൾ എന്തായിരുന്നുവോ അതിലേക്ക് തിരികെയെത്തണം. ബയേണിനെതിരെ കളിച്ചതുപോലെയുള്ള ബാഴ്സയെ ഇനി ഒരിക്കലും കാണാൻ ക്ളബിന്റെ ഒരു ആരാധകനും ആഗ്രഹിക്കുന്നില്ല.
ബാഴ്സലോണയുടെ കുപ്പായമണിയുന്നതിൽ വലിയ സന്തോഷവും അഭിമാനവും തോന്നേണ്ടതുണ്ട്. അതിനായി അത്രത്തോളം ആത്മാർത്ഥയും പ്രൊഫഷണലിസവും ആ കുപ്പായത്തോട് പുലർത്തേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ ഇപ്പോഴത്തെ തിരിച്ചടിയിൽ നിന്ന് കരകയറാൻ കഴിയും.
നമ്മൾ ഒരു വീണ്ടെടുപ്പിനായി കഠിനാദ്ധ്വാനത്തിന് ഒരുങ്ങുകയാണ്. അതിനായി പല മാറ്റങ്ങളും വരുത്തേണ്ടിവരും.ടീമിൽ നിലവാരമുള്ള കളിക്കാർക്ക് മാത്രമേ സ്ഥാനമുണ്ടാകൂ.ആരെയും പേരെടുത്ത് പറയുന്നില്ല. താത്പര്യമുള്ളവർ മാത്രം തുടർന്നാൽ മതി. അല്ലാത്തവർക്ക് പോകാം. ഏറ്റവും മികച്ച കളിക്കാർ അടങ്ങുന്ന ട്രോഫികൾ നേടാൻ കഴിയുന്ന ഒരു ടീമാണ് നമ്മുടെ ലക്ഷ്യം. എന്നോടൊപ്പം സന്തോഷത്തോടെ പ്രവർത്തിക്കാൻ മനസുള്ളവർക്ക് സ്വാഗതം. അല്ലാത്തവരുമായി സന്തോഷമായി പിരിയാം.
30 വയസ് കഴിഞ്ഞെന്ന് കരുതി ഒരു കളിക്കാരന്റെയും കരിയർ അവസാനിക്കുന്നില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അദമ്യമായ ആഗ്രഹമാണ് അയാളെ മുന്നോട്ടുനയിക്കേണ്ടത്. പ്രായത്തെച്ചൊല്ലിയുള്ള വേവലാതികളല്ല. ക്ളബിന് വേണ്ടി കഴിവിന്റെ പരമാവധി പ്രയത്നിക്കാൻ മനസും കഴിവും ഉള്ളവരെയാണ് എനിക്കാവശ്യം. പ്രായം ഒരു ഘടകമല്ല.
ഇന്ന് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹം ടീമിലുണ്ടാവുക ഏത് കോച്ചും ആഗ്രഹിക്കും. മെസിയുമായി സംസാരിച്ചശേഷമേ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുകയുള്ളൂ.
കൂമാൻ കരിയർ ഗ്രാഫ്
1980ൽ ഡച്ച് ക്ളബ് ഗ്രോണിഗ്നെനിലൂടെ കളിക്കാരനായി കരിയർ തുടങ്ങിയ കൂമാൻ 1989ലാണ് ബാഴ്സലോണയിലെത്തിയത്.
1995വരെ ബാഴ്സലോണയുടെ മിഡ്ഫീൽഡറായി കളിച്ചു.
1982 മുതൽ 94വരെ ഹോളണ്ട് ടീമിൽ കളിച്ചു.
1997ൽ ഡച്ച് ക്ളബ് ഫെയനൂർദിൽ വച്ച് വിരമിച്ചു.
1997ൽ ഡച്ച് ടീമിന്റെ സഹപരിശീലകനായി അടുത്ത കരിയർ തുടങ്ങി.
1998 മുതൽ രണ്ട് വർഷം ബാഴ്സലോണയിൽ ലൂയിസ് വാൻഗാലിന്റെ അസിസ്റ്റന്റ്
തുടർന്ന് വിറ്റെസ്,അയാക്സ്,ബെൻഫിക്ക,പി.എസ്.വി.വലൻസിയ,സതാംപ്ടൺ,എവർട്ടൺ,തുടങ്ങിയ ക്ളബുകളുടെ കോച്ച്.
2018ൽ ഹോളണ്ട് ടീമിന്റെ മുഖ്യ കോച്ച്.