covid

വാഷിംഗ്ടൺ: കൊവിഡ് രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതായ അമേരിക്കയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. നിലവിൽ 57,01,390 രോഗികളാണ് അമേരിക്കയിലുള്ളത്. മരണം 1,76,365 ആയി. കൊവിഡ് വ്യാപനത്തിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന ബ്രസീൽ, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. എന്നാൽ, ബ്രസീലിൽ കൊവിഡ് വ്യാപനത്തിന് ശമനമുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

ജർമ്മനിയിൽ ഇന്നലെ മാത്രം 1,707 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഉക്രെയ്ൻ, ഇന്തൊനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയിൽ ഇന്നലെ 288 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലൻഡിൽ ഇന്നലെ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു.

ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേർ രോഗബാധിതരായി. എന്നാൽ, നാല് ദിവസത്തിനിടെ പ്രദേശിക വ്യാപനക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് രാജ്യം.

കൊവി‌ഡ് മീറ്റർ

ലോകത്താകെ മരണം - 791,678

രോഗികൾ - 22,611,341

രോഗവിമുക്തർ - 15,326,640