ഹാനോയ്: 83 വയസുണ്ട് വിൻ തി ദിൻ എന്ന വീയെറ്റ്നാമീ അമ്മൂമ്മയ്ക്ക്. 19 വയസിലാണ് അമ്മൂമ്മ ആദ്യമായിട്ടും അവസാനമായിട്ടും മുടി വെട്ടിയത്. പിന്നീട് 64 വർഷം വെട്ടാതെ കഴുകാതെ വച്ചിരുന്ന മുടിക്ക് ഇപ്പോ ആറ് മീറ്റർ നീളമുണ്ട്. പിന്നിയിട്ട മുടി കണ്ടാൽ ഒരു പെരുമ്പാമ്പിനെ പോലെ ഇരിക്കും. 19 വയസിൽ ആദ്യമായിട്ട് മുടി വെട്ടിയപ്പോൾ കഠിനമായ തലവേദന അനുഭവപ്പെട്ടു എന്ന് അമ്മൂമ്മ പറയുന്നു. തലമുടി വീണ്ടും വളരാൻ തുടങ്ങിയപ്പോൾ മാത്രമാണ് തലവേദന പോയത്, അതുകൊണ്ട് അന്നുമുതൽ അമ്മൂമ്മ മുടി മുറിച്ചിട്ടില്ല.
മുടി കഴുകിയപ്പോൾ തല വീണ്ടും വേദനിക്കാൻ തുടങ്ങി. അതോടെ തലമുടി കഴുകുന്നതും നിറുത്തി. 1990ൽ അമ്മൂമ്മ ബുദ്ധമത ക്ഷേത്രത്തിലേക്ക് താമസം മാറ്റി. പുറകെ സസ്യാഹാരിയായി, ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു. മിതമായ ജീവിതശൈലി സ്വീകരിച്ചതുകൊണ്ടാണ് 83-ാം വയസിലും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ പറ്റുന്നത് എന്ന് അമ്മൂമ്മ പറയുന്നു.അമ്മൂമ്മയുടെ മുടി ഇപ്പോഴും പ്രതിവർഷം 10 സെന്റിമീറ്റർ വളരുന്നുണ്ട്.