തിരുവനന്തപുരം: സംസ്ഥാനത്ത് ആകമാനം കൊവിഡ് രോഗികളുടെ എണ്ണം പിന്നെയും കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. തലസ്ഥാന ജില്ലയിൽ ഇന്ന് 429 പേർക്കാണ് ഇന്ന് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിൽ 394 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയിലുണ്ടായ എട്ട് മരണങ്ങൾ കൊവിഡ് മൂലമെന്നും ഇന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴയാണ് സ്ഥിരീകരിച്ചത്. കേരള സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് പ്രകാരം ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നിലവിൽ 11,000ത്തിലേക്ക് അടുക്കുകയാണ്. ചികിതയിലിരിക്കുന്ന രോഗികളുടെ എണ്ണം 5000ലേക്കും ക്രമേണ അടുക്കുകയാണ്.