spb

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് എക്‌മോ ((എക്സ്ട്രകോർപോറിയൽ മെബ്രേൻ ഓക്സിജനേഷൻ) ചികിത്സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം യന്ത്രങ്ങളുടെ സഹായത്തോടെ മുന്നോട്ട് കൊണ്ടു പോകുന്ന രീതിയാണ് എക്‌മോ.
രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാണ് ഈ മാർഗം സ്വീകരിക്കുന്നത്. ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയില്ലെങ്കിലും രക്‌തസമ്മർദം ഉൾപ്പെടെയുള്ളവ തൃപ്‌തികരമാണെന്ന് ആശുപത്രി അസിസ്‌റ്റന്റ് ഡയറക്‌ടർ ഡോ. അനുരാധ ഭാസ്‌കർ വ്യക്തമാക്കി. എസ്.പി.ബിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മകൻ ചരണും വ്യക്തമാക്കിയിട്ടുണ്ട്.

കൂട്ടപ്രാർത്ഥന നടത്തി തമിഴ്‌ സിനിമാ ലോകം

എസ്.പി.ബി പെട്ടെന്ന് സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാൻ സമൂഹപ്രാർത്ഥന നടത്തി സിനിമാ ലോകം. രജനീകാന്ത്, കമൽഹാസൻ, എ.ആർ റഹ്മാൻ, ഇളയരാജ, ഭാരതിരാജ തുടങ്ങിയവരാണ് കൂട്ടപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ വൈകിട്ട് ആറിന് സ്വവസതികളിൽ ഇരുന്നുകൊണ്ടാണ് പ്രാർത്ഥന നടത്തിയത്. നിരവധി പേർ പ്രാർത്ഥനയിൽ പങ്കു ചേരുകയും എസ്.പി.ബിയുടെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.