hareesh-case

കാസർകോട്: കുമ്പള നായ്ക്കാപ്പിലെ ഓയിൽ മിൽ ജീവനക്കാരൻ ഹരീഷിനെ (38) വെട്ടിക്കൊന്ന സംഭവത്തിൽ കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത മുഖ്യപ്രതി കുമ്പള കുണ്ടങ്കാരടുക്കയിലെ ശ്രീനിലയത്തിൽ ശരത്ത് എന്ന ശ്രീകുമാറിനെ (27) കാസർകോട് ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയുമായി കുമ്പള പൊലീസ് ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നായ്ക്കാപ്പിന് സമീപത്തെ തോട്ടിൽ നിന്ന് ചോര പുരണ്ട ഷർട്ടും കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും കണ്ടെടുത്തു. ഹരീഷിനെ കൊലപ്പെടുത്തിയ ശേഷം കാറിൽ എത്തി തോട്ടിൽ വലിച്ചെറിയുകയായിരുന്നു ഇവയെന്ന് പൊലീസ് പറഞ്ഞു.

കണ്ടെടുത്ത തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അതിനിടെ കേസിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന നാലാമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. കാറിൽ കറങ്ങിയ സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. അതേസമയം പൊലീസ് വീട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് കൊലക്കേസിൽ പിടിക്കപ്പെടുമെന്നു ഭയന്ന് തൂങ്ങി മരിച്ച കുണ്ടങ്കാരടുക്ക കോളനിയിലെ ചേതൻ -ഗ്ലാഡിസ് ദമ്പതികളുടെ മകൻ റോഷൻ (21), ആനന്ദൻ -പരേതയായ പ്രേമ ദമ്പതികളുടെ മകൻ മണികണ്ഠൻ (18) എന്നിവർക്ക് കൊലപാതകത്തിൽ നേരിട്ടു ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ രണ്ടും മൂന്നും പ്രതികൾ തന്നെയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ ശ്രീകുമാർ ഇവർ ഇരുവരും കൊലപാതകം നടത്താൻ ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഹരീഷിന്റെ കൊലപാതകം നടത്താൻ മറ്റു ചിലർ കൂടി ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 1000 രൂപ വീതം തരാമെന്ന് പറഞ്ഞു ഉറ്റചങ്ങാതിയായ ശ്രീകുമാർ വിളിച്ചപ്പോൾ ആണ് റോഷനും മണിയും കൊലപാതകം നടത്താൻ കൂട്ടിന് പോയതെന്ന വിവരവും പുറത്തുവന്നു. ശ്രീകുമാറിന്റെ വീടിന് തൊട്ടടുത്താണ് ഇരുവരും താമസിക്കുന്നത്. എന്നും വൈകിട്ട് ഇവർ 'കൂടാറുണ്ട്' ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് മുഖ്യപ്രതി ശ്രീകുമാർ മണികണ്ഠനെ ഫോണിൽ വിളിച്ചത്. ഈ സമയം രാത്രി ഭക്ഷണം കഴിച്ചു ഇരിക്കുകയായിരുന്നു മണികണ്ഠൻ. പണം തരാമെന്ന് ഏറ്റപ്പോൾ ക്വട്ടേഷൻ ഏറ്റെടുത്തു.

മണൽ കടത്താൻ വിളിക്കുന്നു എന്നാണ് വീട്ടിൽ പറഞ്ഞത്. മണിയാണ് റോഷനെ വിളിച്ചു വരുത്തി കൊണ്ടുപോയത്. ശ്രീകുമാറിന്റ കാറിൽ കയറി ഹരീഷിന്റെ വീടിന് സമീപം എത്തുകയും നൂറു മീറ്റർ അകലെ കാത്തിരുന്ന ശേഷം ബൈക്ക് തടഞ്ഞു നിർത്തി വെട്ടുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം എല്ലാവരും മുങ്ങി. 'മണൽ' കടത്താൻ പോയ റോഷനെയും മണിയേയും പുലർന്നിട്ടും കാണാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചു. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വൈകുന്നേരം ആറു മണിക്ക് തൂങ്ങിമരിച്ചുവെന്ന വിവരമാണ് അറിയുന്നതെന്ന് റോഷന്റെ പിതൃസഹോദരൻ ബാബു പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകുമാറിനെ കൊവിഡ് പരിശോധന നടത്തിയാണ് കോടതിയിൽ ഹാജരാക്കിയത്.

അറസ്റ്റ് ഭയന്ന് തന്നെയാണ് യുവാക്കൾ തൂങ്ങിമരിച്ചതെന്ന് കുമ്പള എസ്.ഐ സന്തോഷ്‌ കുമാർ പറഞ്ഞു. തൂങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം ചെയ്തു. ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.