sky-lift

ആഗോള ടെൻഡർ രണ്ട് മാസത്തിനകം വിളിക്കാൻ ഫയർഫോഴ്സ് ശ്രമം

കൊല്ലം: ബഹുനില മന്ദിരങ്ങളിലെ ദുരന്തനിവാരണത്തിന് സംസ്ഥാന അഗ്നിശമനസേനയ്ക്ക് അനിവാര്യമായിരുന്ന സ്കൈ ലിഫ്റ്റുകളുടെ പർച്ചേസ് കൊവിഡിൽ കുടുങ്ങി. സ്റ്റേറ്റ് ട്രേഡിംഗ് കോ‌ർപ്പറേഷന്റെ സഹായത്തോടെ ആഗോള ടെൻ‌ഡർ ക്ഷണിച്ച് വിദേശ കമ്പനികളിൽ നിന്ന് സ്കൈ ലിഫ്റ്റ് വാങ്ങാനുള്ള ശ്രമമാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരം നേരത്തെ കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്ന് വൈകിയത്. ഓഫീസ് അവധിയായിരുന്നതിനാൽ പത്രപ്പരസ്യം ഉൾപ്പെടെ ആറുമാസം മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന ഇ- ടെൻഡർ നടപടിയിലെ കാലതാമസമാണ് സ്കൈ ലിഫ്റ്റുകളുടെ വരവ് വൈകിപ്പിച്ചത്.

28 കോടി
ഫ്ലാറ്റുകളുൾപ്പെടെ അംബരചുംബികളായ കെട്ടിടങ്ങളിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനും അഗ്നിശമന പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് വേണ്ടിയാണ് സ്കൈ ലിഫ്റ്റുകൾ വാങ്ങുന്നത്. ലിഫ്റ്റ് അടങ്ങിയ രണ്ട് വിദേശ നിർമ്മിത വാഹനങ്ങളാണ് വാങ്ങുന്നത്. 28 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. സംസ്ഥാന ചെറുകിട വ്യവസായ കോർപ്പറേഷൻ വഴിയാകും വാഹനങ്ങൾ വാങ്ങുക. വാഹനങ്ങളിലുണ്ടാകേണ്ട സൗകര്യങ്ങളുടെ മാനദണ്ഡങ്ങൾ അംഗീകരിച്ച സർക്കാർ, മാസങ്ങൾക്ക് മുൻപുതന്നെ പർച്ചേസിനുള്ള അനുമതി നൽകിയെങ്കിലും ഇ- ടെൻഡറിലെ അപ്രതീക്ഷിത കാലതാമസമാണ് ആഗോള ടെൻഡർ വൈകിപ്പിച്ചത്.

സ്കൈ ലിഫ്റ്റ്

ഇരുപത് നില കെട്ടിടത്തിന് മുകളിൽവരെ കടക്കാൻ കഴിയുന്ന പ്ളാറ്റ്ഫോമോടുകൂടിയ ഏരിയൽ ലാഡറും ലിഫ്റ്റ് സംവിധാനവുമടങ്ങുന്ന കവചിത വാഹനമാണ് സ്കൈ ലിഫ്റ്റ്.

പ്രധാന ഉപയോഗങ്ങൾ

ഏണിതന്നെ ആശ്രയം

ജനവാസമേറിയ നഗരങ്ങളിലും പട്ടണങ്ങളിലും ബഹുനില മന്ദിരങ്ങൾ നിർമ്മിക്കാൻ ഫയർഫോഴ്സ് അനുമതി നൽകാറുണ്ടെങ്കിലും മൂന്ന് നിലയ്ക്ക് മുകളിലേക്ക് രക്ഷാപ്രവർത്തനത്തിനുള്ള യാതൊരു സംവിധാനവും നിലവിൽ സേനയ്ക്കില്ല. ആകെയുള്ളത് കഷ്ടിച്ച് 35 മീറ്റ‌ർ ഉയരത്തിൽ കയറാവുന്ന ഏണികൾ മാത്രമാണ്. മൂന്ന് നിലയ്ക്ക് മുകളിലേക്കുള്ള കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെങ്കിലും പെട്ടെന്ന് രക്ഷാപ്രവർത്തനം സാദ്ധ്യമാക്കാനും ആളപായവും നാശനഷ്ടങ്ങളും കുറയ്ക്കാനും അത്യാധുനിക ഉപകരണങ്ങളും സ്കൈലിഫ്റ്റുകളും ആവശ്യമാണ്.

''സംസ്ഥാന വ്യവസായ കോർപ്പറേഷനിൽ സ്കൈ ലിഫ്റ്റിന്റെ ആഗോള ഇ- ടെൻഡർ നടപടികൾ പുരോഗമിച്ചു വരികയാണ്. രണ്ട് മാസത്തിനകം ടെൻഡർ നടപടി പൂർത്തിയാക്കി സ്കൈ ലിഫ്റ്റുകൾ വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.''

ആർ. പ്രസാദ്, ഡയറക്ടർ (ടെക്നിക്കൽ), കേരള ഫയർഫോഴ്സ്.