മാള: കൊവിഡ് പശ്ചാത്തലത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സി.പി.എം അനുകൂല സംഘടന പ്രതിഷേധവുമായി രംഗത്ത്. 22 ഓളം താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെയാണ് കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ പരസ്യമായി രംഗത്ത് വന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബോർഡിലെ ആർഭാടങ്ങൾ യഥേഷ്ടം തുടരുന്നതിലും സംഘടനയ്ക്ക് പ്രതിഷേധമുണ്ട്.
ക്ഷേത്ര ജീവനക്കാർക്ക് കെ.എസ്.ആർ നടപ്പാക്കുക, കണ്ടെയ്ൻമെന്റ് മേഖലയിലുള്ളവർക്ക് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സി.ഡി.ഇ.ഒ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്ന് നേതാക്കളായ പ്രസിഡന്റ് കെ.ഡി ദാമോദരൻ നമ്പൂതിരി, സെക്രട്ടറി പി.വി സജീവ് എന്നിവർ പറഞ്ഞു. സ്ഥിരം നിയമനം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്താനാണ് താത്കാലികക്കാരെ പിരിച്ചുവിടുന്നതെന്നാണ് സൂചന. ഇക്കാര്യത്തിൽ സംഘടന എതിരല്ലെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
മറ്റൊരു ജോലി അന്വേഷിക്കാൻ പോലും സാഹചര്യമില്ലാത്ത അവസ്ഥയിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ പ്രത്യേകമായി അനുവദിച്ച് നൽകിയ 10 കോടി രൂപ ഉപയോഗിച്ചാണ് രണ്ട് മാസം ശമ്പളവും പെൻഷനും നൽകിയത്.