
ദുബായ്: കുട്ടികൾക്കായി ഉദ്ദേശിച്ച് നിർമിക്കപ്പെട്ടുള്ള പാവകളിൽ അറപ്പിക്കുന്ന തരത്തിലുള്ള അശ്ലീലം കണ്ടതിനെ തുടർന്ന് ആശങ്കയിലായി യു.എ.ഇയിലെ മാതാപിതാക്കൾ. നാല് മുതൽ പതിനാല് 'ലോൾ! സർപ്രൈസ് ഡോൾ' സീരീസിലുള്ള അധികം വലിപ്പമില്ലാത്ത, പാക്കറ്റ് പൊളിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള പാവകളിലാണ് ഇത്തരത്തിലുള്ള ലൈംഗിക ചുവയുള്ള അടയാളങ്ങളും മറ്റും മാതാപിതാക്കൾ കണ്ടെത്തിയത്.
അമേരിക്കൻ കളിപ്പാട്ട കമ്പനിയായ 'എം.ജി.എ എന്റർടെയിൻമെന്റ്' പുറത്തിറക്കുന്ന ഈ പാവകൾ ഏതാനും വർഷങ്ങളായി വൻതോതിൽ ലോകമാകമാനം വിറ്റഴിക്കപ്പെടുന്നുണ്ട്. യു.എ.ഇയിൽ ഇത്തരത്തിലുള്ള പാവകൾ പ്രധാനമായും വിൽക്കുന്നത് ഹാസ്‌ബ്രോ, ടോയ്‌സ് ആർ ആസ് എന്നീ റീടെയ്‌ലർ/കളിപ്പാട്ട കമ്പനികളാണ്.
'ലോൾ ഡോൾ ഐസ് എക്സ്പിരിമെന്റ്' എന്ന പേരിലുള്ള പരീക്ഷണത്തിലൂടെയാണ് ഇത്തരം പാവകളിൽ ഒളിഞ്ഞിരിക്കുന്ന അശ്ലീലത മാതാപിതാക്കൾ കണ്ടെത്തുന്നത്. വസ്ത്രം ഊരി മാറ്റിയ ശേഷം, ഐസ് നിറഞ്ഞ പാത്രത്തിലേക്ക് ഈ പാവകളെ ഇടുമ്പോൾ ഇവയ്ക്ക് മേൽ ചില പ്രത്യേക അടയാളങ്ങൾ കാണാൻ സാധിക്കും.
പ്രധാനമായും സ്വിം സ്യൂട്ടുകളുടെയും അടിവസ്ത്രങ്ങളുടെയും പ്രകോപനപരമായ രീതിയിലുള്ള ആലേഖനം ചെയ്ത ചിത്രങ്ങളാണ് ഈ പാവകളുടെ ശരീരങ്ങൾക്ക് മേൽ കാണാൻ സാധിക്കുക. ഇതേ സീരിസിലുള്ള മറ്റ് 'ലോൾ! സർപ്രൈസ്' പാവകളാകട്ടെ അക്ഷരാർത്ഥത്തിൽ ലൈംഗിക സന്ദേശങ്ങളാണ് കുട്ടികൾക്ക് പകർന്നു നൽകുന്നതെന്നത് മാതാപിതാക്കളെ ഞെട്ടിക്കുകയും ചെയ്തു.
ഇത്തരം പാവകളുടെ ശരീരത്തിലെ സ്വകാര്യ സഥലങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകളിൽ അമർത്തുമ്പോൾ അറപ്പിക്കുന്ന തരത്തിലുള്ള ലൈംഗിക ശബ്ദങ്ങളാണ് ഇവർ പുറപ്പെടുവിക്കുന്നത്. പാവകളിൽ നിന്നും പുറത്തുവരുന്ന ഈ ശബ്ദങ്ങളും അവയുടെ മേൽ സ്വിച്ചുകളുടെ സ്ഥാനവും മറ്റും പാവകൾ പുറത്തിറങ്ങിയത് അബദ്ധത്താലല്ല എന്ന സൂചനയായാണ് നൽകുന്നത്.
പാവകളുടെ വീഡിയോകളും ഫോട്ടോകളും പങ്കുവച്ചുകൊണ്ട്, 'എം.ജി.എ എന്റർടെയിൻമെന്റ്' ഇത്തരം പാവകൾ മനഃപൂർവം കുട്ടികളുടെ ഉദ്ദേശിച്ച് നിർമിക്കുന്നതാണെന്നും മാതാപിതാക്കൾ ചൂണ്ടികാണിക്കുന്നു.
കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ തങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ വ്യക്തമാക്കുന്നു. പാവകൾക്കെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ 'ലോൾ! സർപ്രൈസ്' പാവകളുടെ വിതരണക്കാരായ 'ടോയ്‌സ് ആർ അസ്' ഇവയുടെ തങ്ങളുടെ കടകളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.