ന്യൂഡൽഹി:ശശി തരൂർ എം.പിയെ പാർലമെന്റിന്റെ ഐ.ടി സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിമാർ സ്പീക്കർക്ക് കത്തു നൽകി. എം.പിമാരായ നിഷികാന്ത് ദുബെ, രാജ്യവർദ്ധൻ സിംഗ് റാഥോഡ് എന്നിവരാണ് ശശി തരൂരിനെതിരെ കത്ത് നൽകിയത്. ഫേസ്ബുക്കിന് നോട്ടീസ് നൽകിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ലോക്സഭാ ചട്ടപ്രകാരം തരൂരിനോട് ആദ്യം അവധിയിൽ പോകാൻ ആവശ്യപ്പെടണമെന്നും എം.പിമാർ സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഭരണപക്ഷത്തോടുളള ഫേസ്ബുക്കിന്റെ അനുകൂല നിലപാടുകളിൽ പ്രതിഷേധിച്ച് നേരത്തെ തന്നെ കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അജണ്ട നടപ്പിലാക്കാനായി ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ തരൂർ വിളിച്ചുവെന്ന് ബി.ജെ.പിയും ആരോപിച്ചിരുന്നു. 11 കൊല്ലത്തെ തന്റെ രാഷ്‌ട്രീയ ജീവിതത്തിൽ ഇന്ന് വരെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും മറ്റാരെയും നിയമ ലംഘനം നടത്താൻ അനുവദിച്ചിട്ടില്ലെന്നും ഇതിന് മറുപടിയായി തരൂർ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടി ശശി തരൂരും നിഷികാന്ത് ദുബെയ്ക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്.