കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യമായ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വർദ്ധന. വരുന്ന രണ്ടാഴ്ചയ്ക്കിടെ നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണത്തിലാണ് വർദ്ധനവുണ്ടായതായി കണക്കാക്കുന്നത്. കൃത്യമായി, ഈ മാസം 18 മുതല്‍ 31 വരെ 35,000 പ്രവാസികള്‍ നാട്ടിലെത്തുമെന്നാണ് റിപ്പോർട്ട്. പതിനാലോളം വിമാന സര്‍വീസുകളാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓരോ ദിവസവുമുള്ളതെന്നാണ് വിവരം.
അമൃത്‍സര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോഴിക്കോട്, ബംഗളുരു എന്നിവിടങ്ങളിലേക്കായിരിക്കും കൂടുതല്‍ വിമാന സർവീസുകൾ ഉള്ളത്. കുവൈറ്റിലെയും ഇന്ത്യയിലെയും സിവില്‍ ഏവിയേഷന്‍ അതോരിറ്റികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 160 വിമാന സര്‍വീസുകളുണ്ടാകുമെന്നാണ് അനുമാനം.
ഈ വിമാനങ്ങളിലൂടെ ഏകദേശം 2500ഓളം യാത്രക്കാര്‍ക്ക് ദിവസവും ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകും. കുവൈറ്റ് വിമാന സർവീസുകൾ വഴി 1250ഓളം പേരും അത്ര തന്നെ പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിയും ദിവസേന ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് മടങ്ങുമെന്നും കുവൈത്തിലെ അൽ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.