ബോളിവുഡ് താരം സോനു സൂദിനെ ആരാധകരും സോഷ്യല്‍മീഡിയയും സൂപ്പര്‍ ഹീറോ ആയിട്ടാണ് ഇപ്പോള്‍ കാണുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ ഉണ്ടായ താരത്തിന്റെ ഇടപെടലുകളെ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീടുകളിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആഡംബര ഹോട്ടലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി വിട്ടു നല്‍കുകയും ചെയ്തു.
ഇപ്പോഴിതാ ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. വെള്ളപ്പൊക്കത്തില്‍ നനഞ്ഞ് കുതിര്‍ന്ന തന്റെ പുസ്തകങ്ങളെ നോക്കി കരയുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിമിഷങ്ങള്‍ക്കുളില്‍ ഈ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട സോനു ഉടന്‍ തന്നെ അഞ്ജലിക്ക് സഹായവുമായി രംഗത്തെത്തുകയായിരുന്നു. 'കണ്ണുനീര് തുടയ്ക്കൂ സഹോദരി' എന്ന് കുറിച്ചു കൊണ്ട് ഈ വീഡിയോ റീട്വീറ്റ് ചെയ്താണ് സോനു, അഞ്ജലിക്ക് സഹായം വാഗ്ദാനം ചെയ്തതും. വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വീടിന് പകരം അഞ്ജലിക്ക് പുതിയ വീടും പുതിയ പുസ്തകങ്ങളും വാങ്ങിനല്‍കുമെന്നും സോനു സൂദ് ഉറപ്പുനല്‍കിയിട്ടുണ്ട്.