pic

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. പല കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള സാധനങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ് കണ്ടെത്തി.ഓപ്പറേഷൻ ക്ലീൻ കിറ്റിന്റെ ഭാഗമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഓണക്കിറ്റിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.

ഓപ്പറേഷൻ ക്ലീൻ കിറ്റെന്ന പേരിൽ സംസ്ഥാനവ്യാപകമായി ഇന്ന് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് വിജിലൻസിന്റെ തീരുമാനം. പാക്കിംഗ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലുമാണ് ഇന്ന് വിജിലൻസ് പരിശോധന നടന്നത്.

ഓണത്തോടനുബന്ധിച്ച് 11 ഇനം പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റ് വിതരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. സപ്ലൈകോ കേന്ദ്രത്തില്‍ നിന്നും കിറ്റ് റേഷന്‍ കട വഴിയാണ് വിതരണം ചെയ്യുന്നത്.