min


ലാഹോര്‍: പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങൾ വികസിപ്പിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ ഫെഡറൽ മന്ത്രി ഷെയ്ക് റഷീദ്. ടെലിവിഷൻ അഭിമുഖത്തിനിടെയാണ് ഷെയ്ഖ് റഷീദ് ഭീഷണിസ്വരത്തിൽ മുന്നറിയിപ്പ് നൽകിയത്. ആണവായുധങ്ങളെ കുറിച്ചു നടത്തിയ പരാമർശങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. പാക് സൈന്യത്തെക്കാൾ മികച്ചതാണ് ഇന്ത്യൻ സൈന്യം എന്നു സമ്മതിച്ച റഷീദ് അതുകൊണ്ടു തന്നെ ചെറിയ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ പാകിസ്ഥാൻ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും പറഞ്ഞു. പാകിസ്ഥാന്റെ കൈവശം ചെറുതും കൃത്യതയുമാർന്ന ആറ്റം ബോംബുകൾ ഉണ്ട്. ഇവയ്ക്ക് അസാം വരെ ചെന്ന് ഇന്ത്യൻ മേഖലയെ ലക്ഷ്യം വയ്ക്കാനുള്ള പ്രാപ്തി ഉണ്ടെന്നുമാണ് റഷീദ് വെളിപ്പെടുത്തിയത്. ഇതാദ്യമായല്ല പാക് മന്ത്രി ഇത്തരം ഭീഷണികൾ ഇന്ത്യയ്ക്കു നേരെ ഉയർത്തുന്നത്. 25 ഗ്രാം തൂക്കവും വലിപ്പവുമുള്ള ആണവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അവയ്ക്ക ലക്ഷ്യ സ്ഥാനത്തെ പൂർണമായി നശിപ്പിക്കാൻ കഴിയുമെന്നും മുൻപൊരിക്കൽ റഷീദ് പറഞ്ഞു. ഇടഞ്ഞു നിൽക്കുന്ന സൗദിയുമായി അനുനയത്തിനു പോയി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ ശ്രമം പരാജയപ്പെട്ടതിൽ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനായി ഷെയ്ക് റഷീദ് നടത്തുന്ന ശ്രമങ്ങളാണിതെല്ലാമെന്നാണ് നിരൂപകർ വിലയിരുത്തുന്നത്.