ന്യൂഡൽഹി: അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും 40 മാസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം.
രാമജന്മഭൂമിയിൽ മണ്ണ് പരിശോധന അടക്കമുള്ളവ നടത്തുകയാണ്. പൗരാണിക നിർമ്മാണ ശൈലിയിൽ, ഏത് പ്രകൃതിദുരന്തത്തേയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം.
നിർമ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. കല്ലുകൾ തമ്മിൽ ചേർക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക. 18 ഇഞ്ച് നീളവും 30 എം.എം വീതിയുമുള്ള പതിനായിരത്തോളം പ്ലേറ്റുകൾ ആവശ്യമുണ്ട്. സംഭാവന നൽകുന്നവർക്ക് അവരുടെ കുടുംബത്തിന്റെ പേരുകളോ സമുദായത്തിന്റെ പേരുകളോ ചെമ്പിൽ ആലേഖനം ചെയ്യാം - ട്രസ്റ്റ് ട്വിറ്ററിലൂടെ പ്രതികരിച്ചു.