കൊച്ചി: ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നടത്തുന്നത് സംബന്ധിച്ചുളള യോഗങ്ങൾക്ക് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ് പറഞ്ഞു. എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് ലൈഫ് മിഷനു നൽകിയ നോട്ടീസിന് മറുപടിയായി ആണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്റ് ആണെന്നും യു.വി ജോസ് മറുപടിയിൽ പറഞ്ഞു.
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം വളരെ ദുർബലമാണെന്നുളള ആരോപണം നേരത്തെ ഉയർന്നിരുന്നു. ഈ കരാർ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സ് സൂക്ഷിച്ചിട്ടില്ലെന്നാണ് ലൈഫ് മിഷൻ സി.ഇ.ഒ പറയുന്നത്. കഴിഞ്ഞ മെയ് 12-നാണ് എൻഫോഴ്സ്മെന്റ് മൂന്ന് ചോദ്യങ്ങളടങ്ങിയ നോട്ടീസ് ലൈഫ് മിഷന് നൽകുന്നത്.
റെഡ് ക്രസന്‍റുമായി ഒപ്പുവച്ച കരാർ എന്ത്? അതിന്‍റെ നിർമാണക്കരാർ അടക്കമുള്ള വിശദാംശങ്ങൾ എന്തെല്ലാം ? ഇതിന്‍റെ മിനിട്സ് നൽകാമോ ? എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയത്. ധാരണാപത്രത്തിന്‍റെ പകർപ്പ് ലൈഫ് മിഷൻ നൽകിയിട്ടുണ്ട്. യൂണിടെക്കിന് കരാർ നൽകിയത് റെഡ് ക്രസന്‍റ് നേരിട്ടാണ്. ഇതിന്‍റെ വിശദാംശങ്ങൾ സർക്കാരിന്‍റെ പക്കലില്ലെന്നാണ് സി.ഇ.ഒയുടെ വിശദീകരണം. ഒപ്പം കരാർ ഒപ്പുവച്ച യോഗത്തിന്‍റെ മിനിട്സുമില്ലെന്നും ലൈഫ് മിഷൻ സി.ഇ.ഒ എൻഫോഴ്സ്മെന്‍റിനെ അറിയിച്ചു.
സർക്കാർ ഭൂമിയിലെ ഫ്ലാറ്റ് നിർമാണത്തിൽ സ്വപ്ന സുരേഷും ഈജിപ്ഷ്യൻ പൗരനുമെല്ലാം വളരെ വലിയ തുക കമ്മീഷനായി ലഭിച്ചു. സംഭവം സർക്കാരിന്റെ പിടിപ്പ് കേട് മൂലമാണെന്ന് തെളിയിക്കുന്ന ധാരണാപത്രം നേരത്തെ പുറത്തുവന്നിരുന്നു. പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റും ആശുപത്രിയും പണിയാമെന്ന് ധാരണയുണ്ടാക്കിയെങ്കിലും തുടർക്കരാറുകൾ ഒന്നും ഒപ്പ് വച്ചിട്ടില്ല. യൂണിടെക്കിന് വർക്ക് ഓർഡർ നൽകിയതായും പറയുന്നില്ല. വിദേശസ്ഥാപനങ്ങളിൽ നിന്നും പണം സ്വീകരിക്കുമ്പോൾ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങൾ ഇവിടെ പാലിച്ചില്ലെന്നാണ് ധാരണാപത്രത്തിൽ നിന്നും വ്യക്തമാകുന്നത്.