ന്യൂഡൽഹി: വിവാദ പരാമർശത്തിൽ നടപടിയെടുക്കാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫേസ്ബുക്ക് അധികൃതരെ ക്ഷണിച്ച് വിവര സാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. സെപ്തംബർ 2നാണ് എഫ്.ബി അധികൃതരുമായി ചർച്ച നടത്തുക. വിദ്വേഷ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ നടപടിയെടുക്കാത്ത ഫേസ്ബുക്ക് നിലപാട് വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സോഷ്യൽ മീഡിയയെ ബി.ജെ.പി നിയന്ത്രിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശവും ബി.ജെ.പി നേതാക്കളുടെ മറുപടിയുമൊക്കെ ഫേസ്ബുക്കിനെ വൻ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ ചർച്ചയ്ക്ക് വിളിക്കാൻ വിവര സാങ്കേതിക വകുപ്പ് തീരുമാനിച്ചത്.