jitan-ram-manjhi

പാട്ന : ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യത്തിന് തിരിച്ചടി. ബീഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) ( എച്ച്.എ.എം - എസ് ) അദ്ധ്യക്ഷനുമായ ജിതൻ റാം മഞ്ജി തന്റെ പാർട്ടി മഹാസഖ്യം വിടുന്നതായി പ്രഖ്യാപിച്ചു. മഞ്ജിയുടെ പാർട്ടി മഹാസഖ്യം വിട്ട് എൻ.ഡി.എയിലേക്ക് ചേക്കേറാനൊരുങ്ങുകയാണെന്നാണ് സൂചനകൾ.

എൻ.ഡി.എയിലേക്ക് തന്നെ മടങ്ങുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഭാവി നടപടികളെ പറ്റി ചർച്ച നടത്താൻ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി മ‌ഞ്ജിയെ ചുമതലപ്പെടുത്തിയതായി പാർട്ടി വക്താവ് ഡാനിഷ് റിസ്വാൻ പറഞ്ഞു.

അതേ സമയം പാർട്ടി ജെ.ഡി.യുവുമായി ലയിക്കുകയോ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെടുകയോ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2015ലാണ് മ‌ഞ്ജി ജെ.ഡി.യു വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. അന്നേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കൊപ്പമായിരുന്നു മ‌ഞ്ജിയുടെ പാർട്ടി. പിന്നീട് എൻ.ഡി.എ വിട്ട മഞ്ജി കോൺഗ്രസും ആർ.ജെ.ഡിയും ചേർന്ന മഹാസഖ്യത്തിൽ അംഗമാവുകയായിരുന്നു.