മോസ്കോ : തങ്ങൾ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ വ്യാപക പരീക്ഷണത്തിനൊരുങ്ങി റഷ്യ. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിന് മുന്നോടിയായിയുള്ള അനുമതി ലഭിക്കാനായാണ് വമ്പൻ പരീക്ഷണത്തിന് റഷ്യ ഒരുങ്ങുന്നത്. ഈ ഘട്ടത്തിൽ 40,000 പേരിലാണ് വാക്സിൻ പരീക്ഷണം നടക്കുക. അടുത്താഴ്ച ആരംഭിക്കുന്ന പരീക്ഷണത്തിൽ മേൽനോട്ടം വഹിക്കുന്നത് ഒരു വിദേശ ഗവേഷക സ്ഥാപനമാണ്.
ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ എന്ന പേരിൽ റഷ്യ പുറത്തിറക്കിയിരിക്കുന്ന ' സ്പുട്നിക് V ' എന്ന വാക്സിന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നികിന്റെ പേരാണ് നൽകിയിരിക്കുന്നത്. രണ്ട് മാസത്തെ ട്രയലിന് ശേഷം പുറത്തിറക്കിയ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യയുടെ അവകാശവാദം. അതേ സമയം, വാക്സിനെ പറ്റിയുള്ള ശാസ്ത്രിയ വിവരങ്ങളൊന്നും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നത് ലോകമെമ്പാടുമുള്ള ഗവേഷകരെ ആശങ്കയിലാഴ്ത്തുന്നു. വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച് ശാസ്ത്രലോകം ആശങ്കയറിയിക്കുന്നുമുണ്ട്.
എന്നാൽ, റഷ്യൻ വാക്സിനെതിരെ ചില രാജ്യങ്ങൾ ശാസ്ത്രീയ വിവരങ്ങളുടെ പേരിൽ യുദ്ധം നടത്തുന്നതായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തലവൻ കിറൈൽ ഡിമിട്രീവ് പറഞ്ഞു. സ്പുട്നിക് വാക്സിന് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് നൽകുന്നത്. വാക്സിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ മാസം ഒരു ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിക്കുമെന്നും ഡിമിട്രീവ് പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കോടി ഡോസുകളോളം ഓർഡറുകളാണ് റഷ്യൻ വാക്സിന് ലഭിച്ചതെന്നും നിർമാണ പങ്കാളിത്തത്തോടെ 500 മില്യൺ വാക്സിൻ ഡോസുകൾ പ്രതിവർഷം ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ഡിമിട്രീവ് വ്യക്തമാക്കി. റഷ്യയിലെ 45 ലധികം കേന്ദ്രങ്ങളിൽ നടക്കാൻ പോകുന്ന അവസാനഘട്ട പരീക്ഷണത്തിൽ 40,000 വോളന്റിയർമാർ പങ്കെടുക്കുന്ന വിവരം സ്പുട്നിക് വാക്സിന്റെ നിർമാതാക്കളായ മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് അറിയിച്ചത്.
വാക്സിനെ സംബന്ധിക്കുന്ന വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്കും കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. യു.എ.ഇ, ബ്രസീൽ, സൗദി അറേബ്യ, ഫിലിപ്പീൻസ് തുടങ്ങിയ ചില രാജ്യങ്ങളിൽ സ്പുട്നിക് വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് നാലോളം കൊവിഡ് വാക്സിനുകൾ അവസാനഘട്ട ക്ലിനിക്കൽ ട്രയലിലാണ്.