വീണ നായർ
മോൻ ജനിച്ചശേഷം
ബോറടിയില്ല
അഭിനേത്രിയും വ്ളോഗറുമായ
വീണനായരുടെ
ദുബായ് വിശേഷങ്ങൾ
മനോജ് വിജയരാജ്
''മൂന്നുമാസം മുൻപാണ് മോനൊപ്പം ദുബായിൽ എത്തിയത്. ബിഗ് ബോസ് കഴിഞ്ഞു നേരേ ഇങ്ങോട്ടുവരികയായിരുന്നു. നാട്ടിലേക്ക് വരാൻ തീരുമാനിച്ച പ്പോൾ ലോക് ഡൗൺ എത്തി. എപ്പോൾ മടങ്ങി പോവാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യം. യുട്യൂബ് ചാനൽ തുടങ്ങണമെന്നാഗ്രഹം നേരത്തേതന്നയുണ്ട്. വി വൈബ് എന്ന ചാനൽ ആരംഭിച്ചിട്ട്ഒരുമാസമായി. ദുബായിലെ എന്റെ യാത്രകളെ പരിചയപ്പെടുത്തി രണ്ടു പ്രോഗ്രാമുകൾ ചെയ്തു. അങ്ങനെ വ്ളോഗറുടെ കുപ്പായം അണിഞ്ഞു. പുതിയ സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്.'' വീണനായർ മിണ്ടി തുടങ്ങി. ഭർത്താവ് സ്വാതി സുരേഷ് ഭൈമിദുബായ് ക്ലബ് എഫ്.എമ്മിൽ റേഡിയോ ജോക്കിയാണ്. മകൻ ധൻവിന് മൂന്നരവയസ്.
''മോന്റെ കളികൾ, കുസൃതികൾ . ഓരോ നിമിഷവും ജീവിതത്തിന് സുന്ദര നിറം. ശിവന്റെ ആയിരത്തി എട്ട് നാമത്തിലൊന്നാണ് ധൻവിൻ . ഞാനും കണ്ണേട്ടനും ശിവഭക്തരാണ്. ഭർത്താവ് സ്വാതി സുരേഷ് ഭൈമിയെ കണ്ണേട്ടൻ എന്നാണ് ഞാൻ വിളിക്കുന്നത്. ചങ്ങനാശേരി പെരുന്നയിലെ വീട്ടിൽ രാവിലെ മുതൽ ഞാൻ മോന്റെ പിന്നാലെയായിരിക്കും. കണ്ണേട്ടന്റെ അച്ഛനും അമ്മയും രാവിലെ സ്റ്റുഡിയോയിൽ പോവും. രണ്ടുപേരും രണ്ടു സ്റ്റുഡിയോയുടെ ചുമതല വഹിക്കുന്നു. അവർ വരുന്നതുവരെ വീട്ടിൽ ഞാനും മോനും മാത്രം. അഞ്ചുമണിക്ക് അമ്മ എത്തും. അപ്പോൾ ഉഴുന്നുവട കൊണ്ടുവരും. ദിവസവും വട പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കും. മോന്റെ ഇഷ്ടഭക്ഷണം. അച്ഛനും അമ്മയും പുറത്തുപോയി വരുമ്പോൾ ചെറുപ്പത്തിൽ എനിക്ക് ഉഴുന്നുവട കൊണ്ടുവരുമായിരുന്നു. അമ്മയുടെ വടക്കൊതി മോനും കിട്ടി.
കുഞ്ഞ് ജനിച്ച ശേഷം ഒരു സെക്കൻഡ് പോലും ബോറടിയില്ല. ഫുൾ ടൈം ആക്ടീവ്. 91-ാം ദിവസം പൊലീസ് ജൂനിയർ സിനിമ ചെയ്തു. 90 ദിവസം കഴിയാൻ കാത്തിരിക്കുകയായിരുന്നു. തൃശൂരിലായിരുന്നു ഷൂട്ടിംഗ്. കുഞ്ഞിന്റെ ആദ്യ ദീർഘയാത്ര. കുടുംബ സുഹൃത്ത് ജിജിച്ചേച്ചിയും ഒപ്പമുണ്ട്. വളരെ സാവധാനമായിരുന്നു കാർ യാത്ര. ആലുവ എത്തിയപ്പോൾ അവന്റെ ഡ്രസ് ചേഞ്ച് ചെയ്തു. പിന്നെ ചെറുതായി കുളിപ്പിച്ചു. ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ ഒരു റൂം അതേപോലെ ഹോട്ടലിലേക്ക് കൊണ്ടുപോയി. അവന്റെ പില്ലോ, ബഡ്ഷീറ്റ് , കളിപ്പാട്ടങ്ങൾ . വീട്ടിൽ തന്നെ എന്ന പ്രതീതിയിൽ ഹോട്ടൽ മുറിയിൽ എല്ലാം സെറ്റ് ചെയ്തു. വീട്ടിലെ പോലെ സുഖമായി ഉറങ്ങി. വീട് മാറിയാൽ കുട്ടികൾ ഉറങ്ങില്ലെന്ന് കേട്ടിട്ടുണ്ട്. ജിജിച്ചേച്ചിയുമായി കുഞ്ഞ് വളരെ കംഫർട്ടബിളാണ്. ബ്രേക്കിന്റെ സമയത്ത് പാലുകൊടുക്കും. ഷോട്ടിന് പോകുമ്പോൾ ചേച്ചിയുമായി കളിയിലായിരിക്കും . വരുമ്പോൾ വീണ്ടും പാലുകൊടുക്കും. അതു കഴിഞ്ഞ് ഉറക്കം തുടങ്ങും. ഉറങ്ങുന്നതുവരെ ശബ്ദമുണ്ടാകാൻ പാടില്ല. ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്ത് ശബ്ദമുണ്ടായാലും കുഴപ്പമില്ല. ചേച്ചിയുടെ തോളിൽ ചാഞ്ഞാണ് ലൊക്കേഷൻ ഉറക്കം.
എന്റെ തോളിൽ ഉറങ്ങാറില്ല. ചേച്ചി കഴിഞ്ഞാൽ അമ്മയുടെ അടുത്താണ് അവൻ ഏറ്റവും കംഫർട്ട്. മോൻ ജനിച്ച് 102-ാം ദിവസംവിമാന യാത്ര നടത്തി.പക്ഷേ ആള് അവിടെയും കൂൾ. ദുബായ് എയർപോർട്ടിൽ തുണി ഇല്ലാതെയാണ് കക്ഷി ഇറങ്ങിയത്. മേഘങ്ങളിൽ ഫ്ലൈറ്റ് മറഞ്ഞതുമുതൽ അവൻ അപ്പിയിടാൻ തുടങ്ങി. മൂന്നുജോടി ഡ്രസ് മാറ്റി. ഇനി ഡ്രസ് ഇല്ല. പാമ്പർ മാത്രം ധരിച്ച് എയർപോർട്ടിൽ ഇറങ്ങി. അപ്പോൾ കാഴ്ചവസ്തുവിനെ കാണും പോലെ ആളുകളുടെ കണ്ണുകൾ വിടർന്നു. തണുപ്പ് വലിയ ഇഷ്ടമാണ്. ചൂട് ഒട്ടും സഹിക്കില്ല. ഫ്ളൈറ്റിലെ തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതയ്ക്കാൻ ശ്രമിച്ചപ്പോൾ കൈതട്ടിമാറ്റി കരഞ്ഞു. കുഞ്ഞിനെ ഉടുപ്പ് ധരിപ്പിക്കാതെ കൊണ്ടുപോകുന്ന അമ്മയെ മറ്റു യാത്രക്കാർ തുറിച്ച് നോക്കി. പാമ്പർ മാത്രം ധരിച്ച് ഇരിക്കുന്ന കുഞ്ഞ്. കുഞ്ഞിനെ പുതപ്പിക്കാൻ അടുത്തിരുന്ന യാത്രക്കാരി സ്നേഹത്തോടെ പറഞ്ഞു. എമിഗ്രേഷൻ കൗണ്ടറിനു മുന്നിൽ നിൽക്കുമ്പോൾ ആളുകൾ കുഞ്ഞിനെ നോക്കി ചിരിച്ചു.
ദുബായിലെ അന്നത്തെ തണുത്ത കാലാവസ്ഥയിൽ എനിക്ക് ചെറിയ ജലദോഷം പിടിപെട്ടു. ഇവന് അവിടെയും കംഫർട്ട് . അവൻ എല്ലാ ഭക്ഷണവും കഴിക്കുന്നതിനാൽ ഹോട്ടലിൽ പോയാലും എനിക്ക് ടെൻഷനില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ കളി തുടങ്ങും. ചോറും പരിപ്പും നെയ്യുമാണ് ഏറെ ഇഷ്ടം. സാമ്പാർ കഷണങ്ങൾ ഞെരുടി നൽകും. വെജ് മാത്രമേ കൊടുക്കാറുള്ളു. തണുത്ത ഭക്ഷണവും നൽകും. ആറുമാസം മുതൽ ഐസ്ക്രീം കഴിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താൽ ഇതുവരെ കുഴപ്പമില്ല. ആറു മുതൽ ഒൻപതുമാസം വരെ കഴിക്കുന്ന ഭക്ഷണമാണ് പിന്നീടും അവർ കഴിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു ഗർഭിണിയായിരിക്കെ അഞ്ചാം മാസം യു.കെയിൽ സ്റ്റേജ് ഷോ .
പതിനഞ്ചുദിവസം അവിടെ. ഏഴാം മാസം ഖത്തർ ഷോ. അത് കഴിഞ്ഞ് കവി ഉദ്ദേശിച്ചത് സിനിമയിൽ അഭിനയിക്കാൻ കണ്ണൂരിലേക്ക് . 'ഗർഭിണി തന്നെയാണോ'യെന്ന് പലരും ചോദിച്ചു. വയറുകാണുന്നില്ലെന്ന് പറഞ്ഞവരുണ്ട്. വയറ് നേരത്തേ ഉള്ളതിനാലാണ് കാണാത്തതെന്ന് പറഞ്ഞു. അഞ്ചാം മാസത്തിലാണ് വെൽക്കം ടു സെൻട്രൽ ജയിലിൽ പൊലീസ് വേഷത്തിൽ അഭിനയിച്ചത്. ഗർഭിണി ആണെന്ന് ആരും അറിഞ്ഞില്ല. 'വീണ വീണ്ടും തടിവച്ചു എന്നു പറഞ്ഞവരുണ്ട് ". അമ്മയെപ്പോലെ മോനും യാത്രകൾ ഇഷ്ടപ്പെടുന്നു."" അമ്മയുടെ വർത്തമാനം പറച്ചിൽ കേൾക്കുന്ന ഭാവത്തിലാണ് അപ്പോൾ ധൻവിൻ. ഭൈമി വീട്ടിൽ എല്ലാവരും യാത്രാ പ്രിയരാണ്. രണ്ടു മാസം നീണ്ട യാത്ര കഴിഞ്ഞു വന്നാലും അടുത്ത ദിവസം വീണ്ടും പുറപ്പെടാൻ മനസ് പറയും.ധൻവിനെ പാളിനോക്കി വീണ ചിരിച്ച് വീണ പറഞ്ഞു.