ഏതാനും ദശാബ്ദങ്ങൾക്ക് മുൻപ് ലോകോത്തര ബ്രാൻഡഡ് സാധനങ്ങളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് അവ പുറം ലോകത്തേക്ക് കയറ്റി അയച്ച് വരുമാനം കണ്ടെത്തിയിരുന്ന ഒരു രാജ്യം മാത്രമായിരുന്നു ചൈന. പ്രശസ്തമായ ഇറ്റാലിയൻ ചോക്ലേറ്റ് നിർമാതാക്കളായ 'ഫെറേറോ റോഷറി'ന്റേതിനോട് സാമ്യമുള്ള മിഠായികൾ മുതൽ സ്മാർട്ഫോൺ, ലാപ്പ്ടോപ്പുകൾ എന്നിവയുടെ ഗുണനിലവാരം കുറഞ്ഞ പതിപ്പുകൾ വരെ ചൈനയുടെ ഏറ്റവും മികച്ച കയറ്റുമതി ചരക്കുകളിൽ ഉൾപ്പെട്ടിരുന്നു.
ചൈനീസ് വ്യാജ ഉത്പ്പന്നങ്ങൾ കൊണ്ട് ലോകവിപണി ശ്വാസം മുട്ടാൻ തുടങ്ങുന്ന ഒരു ഘട്ടം വന്നതോടെ ലോക വ്യാപാര സംഘടന ചൈനയ്ക്ക് പലവിധ മുന്നറിയിപ്പുകൾ നൽകുന്ന സാഹചര്യം പോലും ക്രമേണ വന്നുചേർന്നു. എന്നിട്ടും ചൈന ഈ 'കൗണ്ടർഫീറ്റ്' സാധനങ്ങൾ വിപണിയിലെത്തിക്കുന്നതും അതുവഴി വൻതോതിൽ വരുമാനമുണ്ടാക്കുന്നതും അവസാനിപ്പിച്ചില്ല.
ചൈനയ്ക്ക് അതിന്റെ പരമമദാരിദ്ര്യത്തിൽ നിന്നും കരകയറുന്നതിനായി ആയിരത്തി തൊള്ളായിരത്തി അൻപതുകൾ മുതൽ എഴുപതുകൾ വരെയുള്ള കാലഘട്ടത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനും ഏകാധിപതിയുമായിരുന്ന മാവോ സെദോങ്ങ് ആവിഷ്കരിച്ച സാമ്പത്തിക/വ്യാപാര നയങ്ങളുടെ തുടർച്ച തന്നെയായിരുന്നു ഒരുതരത്തിൽ ചൈനയുടെ ഈ വ്യാജ ഉത്പന്നങ്ങൾ കൊണ്ടുള്ള വ്യാപാരവും. എന്നാൽ അധികം വൈകാതെ തന്നെ ഇതിൽ നിന്നും മാറി നടക്കാൻ ചൈന ശീലിച്ച് തുടങ്ങി.
ലോകമാകെ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുക എന്ന നയം മാറ്റി, സ്വന്തം ജനതയ്ക്കിടയിൽ കൂടി ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ ചൈന തീരുമാനിച്ചു. അങ്ങനെ ജനസംഘ്യയിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഈ രാജ്യം ഒരേസമയം ഉപഭോക്താവും നിർമാതാവും ആയി മാറി. രാജ്യത്തെ തന്നെ ഏറ്റവും വലിയ കമ്പോളമായി കാണാൻ തുടങ്ങിയതായിരുന്നു ചൈനയുടെ നേട്ടം.
ക്രമേണ, ഷവോമി, ടെൻസെന്റ്, ആലിബാബ തുടങ്ങിയ ചൈനീസ് ഭീമന്മാർ ആദ്യം ചൈനയിലെ വിപണിയും ശേഷം ലോകവിപണിയും കയ്യടക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതുപോരാഞ്ഞ്, ഇറാൻ, പാകിസ്ഥാൻ, റഷ്യ, ശ്രീലങ്ക, ഗ്രീസ് പോലുള്ള രാജ്യങ്ങളിൽ വികസന പദ്ധതികളിൽ സഹായിക്കാനെന്ന വ്യാജേന ഭീമമായ നിക്ഷേപങ്ങൾ നടത്തുകയും അതുവഴി ഈ രാജ്യങ്ങളിലെ സാമ്പത്തിക മേഖലകളിൽ അവർ പോലും അറിയാതെ കടന്നുകയറുകയും ക്രമേണ അധികാരം സ്ഥാപിക്കുകയും ചെയ്തു.
അങ്ങനെ ലോകശക്തിയായ അമേരിക്കയ്ക്ക് പോലും ഭീഷണി ഉയർത്തുന്ന തലത്തിലേക്ക് ചൈന വളർന്നു. എന്നാൽ ചൈനയുടെ ഈ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയിൽ നിന്നും തൊട്ടടുത്ത് കിടക്കുക നമ്മുടെ രാജ്യം കാര്യമായ പാഠങ്ങളൊന്നും ഉൾക്കൊള്ളുകയുണ്ടായില്ല. ഇന്ത്യ എന്ന വലിയ കമ്പോളത്തിന്റെ സാദ്ധ്യതകൾ മനസിലാക്കാൻ നാം ശ്രമിച്ചില്ലെങ്കിലും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാൽ കൊവിഡ് എന്ന മഹാവ്യാധി ലോകമാകമാനം പിടിമുറുക്കിയതോടെ സാഹചര്യങ്ങൾ മാറി മറിഞ്ഞു. നിക്ഷേപകർ ചൈന എന്ന 'രോഗ ഫാക്ടറി'യുടെ ദോഷഫലങ്ങൾ പതുകെ മനസിലാക്കാൻ തുടങ്ങുകയും ഘട്ടം ഘട്ടമായി അവർ ചൈനയിൽ മുതൽമുടക്കുന്നതിൽ നിന്നും പിൻവലിയാനും തുടങ്ങി. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ കമ്പോള സാദ്ധ്യതകൾ നിലനിൽക്കുന്ന രാജ്യം ഇന്ത്യയാണ്. അത് മനസിലാക്കിയാണ് ഗൂഗിൾ, ആപ്പിൾ പോലുള്ള ടെക്ക് ഭീമന്മാർ ഇന്ത്യയിൽ വൻതുകകൾ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
കൂടാതെ ആയുധങ്ങൾ, ക്രൂഡ് ഓയിൽ, തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾ അമേരിക്ക, യു.എ.ഇ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ വാങ്ങുന്നുണ്ട്. ഇത് മികച്ച നിക്ഷേപ സാദ്ധ്യത സൃഷ്ടിക്കുക മാത്രമല്ല, രാഷ്ട്രീയപരമായും ഇന്ത്യക്ക് ഏറെ കരുത്ത് നൽകുന്നു. ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആത്മനിർഭർ' പദ്ധതി പ്രഖ്യാപിച്ചതും ഈ ലക്ഷ്യം വച്ചുതന്നെയാണ്.
പദ്ധതി പ്രാവർത്തികമാകുന്നതോടെ ഇന്ത്യ സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഇന്ത്യ ശക്തി പ്രാപിക്കുകയാണ് ചെയ്യുക. മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വ്യാപാര ചൂഷണങ്ങളെ മറികടന്ന്, ഇന്ത്യയിലെ വിഭവങ്ങൾ ഇന്ത്യയിൽ തന്നെ ചിലവാക്കി സാമ്പത്തിക നേട്ടവും വികസനവും നേടാനും രാജ്യത്തിന് മുൻപിൽ വഴി തെളിയുകയാണ്. വരുംകാലങ്ങളിൽ ഇന്ത്യയെ അടുത്ത ലോകശക്തിയെന്ന പദവിയിലേക്ക് ഉയർത്താനുള്ള വഴി.