pic

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ വിമർശനമുയർത്തിയാണ് കടകംപളളി രംഗത്തെത്തിയത്.

വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയ വി.മുരളീധരന്‍റെ പോസ്റ്റും,2018ൽ തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിറുത്തണം എന്നാവശ്യപ്പെട്ട് വി.മുരളീധരന്‍റെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയെന്ന പോസ്റ്റും തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കടകംപളളി സുരേന്ദ്രന്‍ രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ലെന്നും കടകംപളളി പോസ്റ്റിൽ പരിഹസിച്ചു.


അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നൽകാനുളള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതികരിച്ച സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിനായി കൈമാറുന്നത് ആദ്യമായല്ല. ഇതിന്റെ തുടർച്ചയായാണ് തിരുവനന്തപുരം അടക്കം മൂന്ന് വിമാനത്താവളങ്ങൾ കൈമാറിയതെന്നും മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായ സർക്കാർ മറ്റൊരു വിവാദത്തിലേക്ക് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇക്കാര്യത്തിൽ അപഹാസ്യമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും മുരളീധരൻ പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി കേരള സർക്കാരിനെ കൂടി പങ്കാളിയാക്കിയിരുന്നു. കെ.എസ്.ഐ.ഡി.സിയും ലേലത്തിൽ പങ്കെടുത്തു. അദാനിയേക്കാൾ 19.6 ശതമാനം കുറവായിരുന്നു കെ.എസ്.ഐ.ഡി.സി നൽകിയത്. ടെൻഡറിൽ ഏറ്റവും ഉയർന്ന തുക നൽകുന്നവർക്ക് കരാർ നൽകുമെന്ന വ്യവസ്ഥ കെ.എസ്.ഐ.ഡി.സിയും അംഗീകരിച്ചിരുന്നതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.നേരത്തെ ക്ഷേത്ര വിശ്വാസികളുടെ കാര്യത്തിൽ കടകംപളളി സുരേന്ദ്രനെതിരെ വി.മുരളീധരന്‍ പരോക്ഷ വിമര്‍ശനം ഉയർത്തിയിരുന്നു.ഇതിന് പിന്നാലെയാണ് മുരളീധരനെതിരെയുളള കടകംപളളിയുടെ പോസ്റ്റ്.

ഈ നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ല!

Posted by Kadakampally Surendran on Thursday, 20 August 2020