sushant

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളും അവസാനിക്കുന്നില്ല. കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി സുശാന്തിന്റെ സുഹൃത്ത് സാമുവല്‍ ഹാവോകിപ് രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തും നടി സാറാ അലി ഖാനും പ്രണയത്തിലായിരുന്നുവെന്നാണ് ഹാവോകിപിന്റെ വെളിപ്പെടുത്തല്‍. കേദാര്‍നാഥില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്ന സമയത്തായിരുന്നു പ്രണയത്തിലായത്.

സാറയുടെ ആദ്യ ചിത്രമായിരുന്നു ഇത്. എന്നാല്‍ സൊഞ്ചരിയ്യയുടെ പരാജയത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞുവെന്നും ഹാവോകിപ് പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ''കേദാര്‍നാഥിന്റെ പ്രൊമോഷന്‍ സമയം എനിക്കോര്‍മ്മയുണ്ട്. സാറയും സുശാന്തും പ്രണയത്തിലായിരുന്നു. പിരിയാനാകാന്‍ കഴിയാത്ത വിധത്തില്‍. കുട്ടികളെ പോലെ നിഷ്‌കളങ്കവും വിശുദ്ധവുമായ ബന്ധം. അവര്‍ രണ്ടുപര്‍ക്കും പരസ്പരം വലിയ ബഹുമാനമായിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ കാണുന്നത് തന്നെ അത്ഭുതമാണ്'' എന്നായിരുന്നു ഹാവോകിപിന്റെ പോസ്റ്റ്.

ഇരുവരും പിരിഞ്ഞതിന് പിന്നില്‍ ബോളിവുഡ് മാഫിയ ആണോ എന്നും സുഹൃത്ത് സംശയിക്കുന്നുണ്ട്. ''സുശാന്തിന്റെ ജീവിതത്തിലുണ്ടായിരുന്നവരോടും സാറയ്ക്ക് ബഹുമാനമായിരുന്നു. ഫാമിലി ആയാലും സുഹൃത്തുക്കളായാലും ജോലിക്കാരായാലും. സൊഞ്ചരിയ്യ പരാജയപ്പെട്ടതിന് പിന്നാലെ പിരിഞ്ഞത് സാറയുടെ സ്വന്തം തീരുമാനം ആയിരുന്നോ അതോ ബോളിവുഡ് മാഫിയയുടെ സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്ന് സംശയിക്കുന്നു'' ഹാവോകിപ് പറയുന്നു.


സാറയും സുശാന്തും പ്രണയത്തിലാണെന്ന് കേദാര്‍നാഥിന്റെ സമയത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ടു പേരും ഇതേക്കുറിച്ച് എവിടേയും പ്രതികരിച്ചിരുന്നില്ല. സുഹൃത്തിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്തും രംഗത്ത് എത്തിയിട്ടുണ്ട്. എന്തിനാണ് ഈ നെപ്പോട്ടിസം കിഡ്‌സ് പുറത്തു നിന്നും വരുന്നവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതും പിന്നീട് പരസ്യമായി ഉപേക്ഷിക്കുന്നതെന്നും കങ്കണ ചോദിക്കുന്നു.