തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പലതും പറയുമെന്നും എന്നാൽ സമീപഭാവിയിൽ അദ്ദേഹം അദാനിയുടെ സ്വന്തം ആളായി മാറുമെന്നുമാണ് കെ.സുരേന്ദ്രൻ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രൻ തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ എന്തെല്ലാം പ്രതിഷേധങ്ങളാണ് കേരളം കണ്ടത്. അവസാനം എന്തുണ്ടായെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് മാത്രം. ഓർമ്മയില്ലേ നോട്ടുനിരോധനകാലത്തെ ബഹളങ്ങൾ. അന്ന് പ്രാഥമികസഹകരണസംഘങ്ങൾ കെ. വൈ. സി നടപ്പാക്കണം എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തെരുവുയുദ്ധം. അവസാനം എല്ലാ സഹകരണസംഘത്തിലും കെ. വൈ. സി. നടപ്പാക്കി.
അർബ്ബൻ കോ. ഓപ്പറേറ്റീവ് സൊസൈറ്റികളെ മുഴുവൻ റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുമാക്കി. നോട്ടുനിരോധിച്ചതും കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതുകൊണ്ടുമാണ് ഇപ്പോൾ പുതിയ സ്വപ്നമാർഗ്ഗങ്ങളുമായി ഇക്കൂട്ടർ രംഗത്തുവന്നത്. ഇനി സി. എ. എ. വിരുദ്ധസമരങ്ങളുടെ കാര്യം നോക്കാം. അന്ന് പിണറായി എന്തെല്ലാം വെല്ലുവിളികളാണ് നടത്തിയിരുന്നത്.
അവസാനം പൗരത്വനിയമം എത്ര ശാന്തമായാണ് ഇന്ത്യയിൽ നടപ്പിലായത്. പറഞ്ഞുവന്നത് തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ചാണ്. പിണറായി പലതും പറയും. അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കിയിരിക്കുമെന്നുള്ളതാണ്. അതുകൊണ്ട് വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ട.'