pic

ന്യൂഡൽഹി:കൊവിഡ് വൈറസിനെതിരെയുളള വാക്സിൻ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യക്കൊപ്പം പങ്കുചേരാൻ താത്പര്യമറിയിച്ച് റഷ്യ. റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെ ഫലപ്രദമെന്ന് കരുതപ്പെടുന്ന സ്പുട്‌നിക് അഞ്ച് വാക്സിന്റെ തുടർ പരീക്ഷണങ്ങൾക്കായാണ് ഇന്ത്യയുടെ പങ്കാളിത്തം റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിലെ ആർ.ഡി.ഐ.എഫ് സി.ഇ.ഒ ആണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. .

ലോകത്തെ ആദ്യ കൊവിഡ് വാക്സിൻ തങ്ങൾ കണ്ടെത്തിയതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ നേരത്തെ പറഞ്ഞിരുന്നു. ഇത്ഫലപ്രദമായി പ്രവർത്തിക്കുമെന്നും പ്രതിരോധ ശേഷി നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ആർ.ഡി.ഐ.എഫും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി എന്നീ സ്ഥാപനങ്ങളും സംയുക്തമായാണ് റഷ്യയിൽ കൊവിഡിനെതിരായ വാക്സിൻ ഉത്പാദിപ്പിച്ചത്. എന്നാൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

"വാക്സിൻ ഉത്പാദനം വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഇതിന് ഇന്ത്യയുമായി ഒരു പങ്കാളിത്തത്തിന് ഞങ്ങൾ ശ്രമിക്കുന്നു.വാക്സിൻ നിർമിക്കാൻ ഇന്ത്യ പ്രാപ്തമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. മരുന്ന് ഉത്‌പാദിപ്പിക്കുന്നതിന് ഇന്ത്യയുമായുളള പങ്കാളിത്തം ഞങ്ങളുടെ ആവശ്യം നിറവേറ്റാൻ സാഹായിക്കും." ആർ.ഡി.ഐ.എഫ് സി.ഇ.ഒ കിറിൽ ദിമിത്രീവ് പറഞ്ഞു.

റഷ്യയിൽ മാത്രമല്ല, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി അഞ്ചിലധികം രാജ്യങ്ങളിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 40,000 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.