തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ കൂടുന്നു. എന്നാൽ രോഗ വ്യാപനം കൂടുതന്നതിൽ അടച്ചുപൂട്ടൽ പരിഹാരമല്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കർശന അടച്ചുപൂട്ടലൊഴിവാക്കി കൂടുതൽ മേഖലകൾ തുറക്കണമെന്ന അഭിപ്രായം സംസ്ഥാനത്ത് ശക്തമാവുകയാണ്. കൊവിഡ് വ്യാപനം തടയാൻ അടച്ചുപൂട്ടൽ ദീർഘകാല പരിഹാരമല്ലെന്നും ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത് തടയാൻ ഊന്നൽ നൽകണമെന്നും സർക്കാർ വിദഗ്ദ്ധസമിതിയംഗമായിരുന്ന മുൻ ഡി ജി പി ജേക്കബ് പുന്നൂസ് പറയുന്നു.
കേരളത്തിന്റെ പ്രധാന വരുമാന മാർഗം ഇനിയെന്ന് തിരിച്ചുവരുമെന്ന് പറയാനേ ആവില്ല. ആരാധനാലയങ്ങൾക്ക് ചുറ്റും ജീവിച്ചുപോന്ന പതിനായിരക്കണക്കിന് പേർക്ക് വരുമാനമടഞ്ഞിട്ടും ഇത്രയും നാളുകളായി. വിനോദ സഞ്ചാര കേന്ദ്രങ്ങളും പാർക്കുകളും സ്കൂളുകളും അടഞ്ഞുതന്നെ കിടക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 1968 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1737 പേർ സമ്പർക്ക രോഗികളാണ്. 100 പേരുടെ ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി.തലസ്ഥാനത്ത് 429 പുതിയ കേസുകളിൽ 394 പേരും മലപ്പുറത്ത് 356 രോഗികളിൽ 328പേരും സമ്പർക്കരോഗികളാണ്.1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.