m-sivasankar

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വ‌ർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ ഓഫീസിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാനും നിർദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ എന്‍ഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നു.

സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു എന്നും, ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്വപ്‌നയുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസിലുണ്ടായിരുന്നതായി വേണുഗോപാല്‍ അയ്യര്‍ പറയുന്നു.

'മണിക്കൂറുകളോളം ഓഫീസിൽ ശിവശങ്കറിന്‍റെ സാന്നിദ്ധ്യത്തിൽ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളിൽ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്‍റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ' ആവശ്യപ്പെട്ടതായും വേണുഗോപാൽ പറ‌ഞ്ഞു.

അതേസമയം സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സ്വപ്ന സുരേഷേ് നൽകിയ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും.