തിരുവനന്തപുരം: ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു. അന്വേഷണത്തിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. മത്തായിയുടെ മൃതദേഹം 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനപാലകരുടെ കസ്‌റ്റഡിയിലിരിക്കെയാണ് മത്തായി മരണപ്പെട്ടത്. മത്തായിയുടെ ഭാര്യയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം വരുന്നത്.
മത്തായിയുടെ മരണത്തിൽ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുന്നത്.
നിയമ പരിരക്ഷയുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ തെളിവുകൾ ഇല്ലാതെ അറസ്റ്റ് ചെയ്താൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം. എന്നാൽ വനപാലകരെ പ്രതിപ്പട്ടികയിൽ ചേർക്കാത്തതും അറസ്റ്റ് ചെയ്യാത്തതും ആരോപണ വിധേയർക്ക് മുൻകൂർ ജാമ്യത്തിന് വഴി ഒരുക്കുമെന്നാണ് മത്തായിയുടെ കുടുംബത്തിന്റെ ആരോപണം.