chennithala-pinarayi

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ അവിശ്വാസപ്രമേയ ചർച്ച‌യ്‌ക്ക് അഞ്ച് മണിക്കൂർ അനുവദിച്ചു. തിങ്കളാഴ്‌ച രാവിലെ 10 മണിമുതൽ മൂന്നുമണിവരെയാണ് ചർച്ച. വിവിധ കക്ഷികളുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാനുള്ള സമയവും അവസരവും നൽകുക. സ്വർണക്കടത്ത് കേസ് മുൻനിർത്തിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം സ്‌പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പതിനാല് ദിവസം മുമ്പ് നോട്ടിസ് നൽകിയില്ല എന്ന സാങ്കേതികത്വം കാണിച്ചാണ് അനുവാദം നിഷേധിച്ചത്.

വി.ഡി.സതീശൻ എം.എൽ.എയാണ് പിണറായി വിജയൻ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ രണ്ട് അല്ലെങ്കിൽ മൂന്നുദിവസത്തെ ചർച്ചയാണ് അവിശ്വാസ പ്രമേയ നോട്ടീസിന് മേൽ സഭയിൽ നടക്കേണ്ടത്. എന്നാൽ നിയമസഭ ചേരുന്നത് ഒരു ദിവസത്തേക്ക് മാത്രമായതിനാൽ അ‌ഞ്ച് മണിക്കൂർ ചർച്ച മതിയെന്ന തീരുമാനത്തിലേക്ക് എത്തിചേരുകയായിരുന്നു.

പ്രമേയം പരാജയപ്പെടുമെന്നുളള കാര്യം ഉറപ്പാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ സഭയ്ക്ക് പുറത്ത് പ്രതിപക്ഷം വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സഭാതലം കൂടി പ്രതിഷേധ വേദിയായി മാറ്റുക എന്ന രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് അവിശ്വാസപ്രമേയം പ്രതിപക്ഷം കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടി കേസിന്റെ നിഴലിൽ നിർത്തുക എന്ന രാഷ്ട്രീയ തന്ത്രമാണ് തുടക്കം മുതൽ പ്രതിപക്ഷം സ്വീകരിക്കുന്നത്.