chandrayan

ബംഗളുരു: ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ ഉപരിതലത്തിലെ സഞ്ചാരപഥത്തിൽ എത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട റോവറായ വിക്രം ലാന്ററുമായി ബന്ധം നഷ്‌ടമായെങ്കിലും ചന്ദ്രോപരിതലത്തിലെ സഞ്ചാരപഥത്തിൽ ചന്ദ്രയാൻ-2ന്റെ ഭാഗമായ ഓർബി‌റ്റർ ഇപ്പോഴും ഭ്രമണം ചെയ്‌തുകൊണ്ടിരിക്കുകയാണ്. 4400 ഭ്രമണം ഈ ഓർബി‌റ്റർ‌ ചന്ദ്രന് ചു‌റ്റും പൂർത്തിയാക്കി കഴിഞ്ഞു. ഇനിയും ഏഴ് വർഷത്തേക്ക് കൂടി പ്രവർത്തിക്കാനുള‌ള ഇന്ധനവും ഓർബി‌റ്ററിലുണ്ട്.

2019 ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ഓഗസ്‌റ്റ് 20നാണ് ചന്ദ്രോപരിതലത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇതിനൊപ്പമുണ്ടായിരുന്ന റോവർ വിക്രം ലാന്റർ ചന്ദ്രന്റെ ഇതുവരെ ആരും ഇറങ്ങാത്ത ദക്ഷിണ ധ്രുവത്തിൽ സോഫ്‌റ്റ് ലാന്റിംഗ് നടത്താൻ ശ്രമിച്ച് പരാജയമടഞ്ഞു. ചന്ദ്രന്റെ ബാഹ്യ അന്തരീക്ഷം പഠിക്കാനും മാപ്പിംഗ് നടത്താനും ശക്തിയേറിയ ക്യാമറ ഓർബി‌റ്ററിലുണ്ട്. ഇവിടെ നിന്നും ചന്ദ്രോപരിതല ചിത്രങ്ങൾ ഐ.എസ്.ആർ.ഒ കേന്ദ്രത്തിലേക്ക് അയച്ചു തന്നിട്ടുണ്ടെന്ന് ഐ.എസ്.ആർ.ഒ അധികൃതർ അറിയിച്ചു. ദീർഘകാലം പ്രവർത്തനക്ഷമമായതിനാൽ ഓർബി‌റ്ററിന് സയൻസ് ലോകത്തിന് നിരവധി സംഭാവനകൾ നൽകാനാകുമെന്നും അവർ പറയുന്നു.

ചന്ദ്രോപരിതലത്തിലെ വിവിധ കാര്യങ്ങൾ പഠനവിധേയമാക്കി ചന്ദ്ര അന്തരീക്ഷവും ചന്ദ്രന്റെ ഉത്ഭവവും പരിണാമവും പഠിക്കാൻ ചന്ദ്രയാൻ-2വിലൂടെ സാധിക്കും. ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-1 2008ലാണ് വിക്ഷേപണം ചെയ്‌തത്. ചന്ദ്രനിലെ ജലാംശവും ചന്ദ്രനിലെ ധ്രുവങ്ങളിലെ ഐസ്,ജല നിക്ഷേപങ്ങളും ചന്ദ്രയാൻ-1 കണ്ടെത്തി.