trivandrum-airport

കൊവിഡിന്റെ മറവിൽ തിരുവനന്തപുരം വിമാനത്താവളം അദാനിക്കു തീറെഴുതിയെന്നാണ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷം ഒരേ സ്വരത്തിൽ ഉയർത്തുന്ന ആക്ഷേപം. എന്നാൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു പ്രധാന വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള കേന്ദ്ര തീരുമാനം ഉണ്ടായത് രണ്ടുവർഷം മുൻപാണ്. ഒന്നാം മോദി സർക്കാരിന്റെ അവസാന കാലത്തുണ്ടായ വിവാദ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. സ്വാഭാവികമായും ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. സർക്കാരും എയർപോർട്ട് ജീവനക്കാരുടെ സംഘടനകളുമൊക്കെ കേന്ദ്ര തീരുമാനത്തിനെതിരെ കോടതിയിൽ പോയെങ്കിലും അനുകൂല വിധി സമ്പാദിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിൽ ഇപ്പോഴും കേസ് നടക്കുകയാണ്. ആഗോള തലത്തിൽ ടെൻഡർ ക്ഷണിച്ചാണ് കേന്ദ്രം വിമാനത്താവളങ്ങളുടെ നടത്തിപ്പിന് സ്വകാര്യ മേഖലയെ ക്ഷണിച്ചത്.. ആറിടത്തും അദാനിയുടെ കമ്പനിക്കാണ് ടെൻഡർ ലഭിച്ചതെന്നത് കൗതുകകരമായ യാഥാർത്ഥ്യമാണ്.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി സർക്കാർ രൂപീകരിച്ച കമ്പനിയും മത്സര രംഗത്തുണ്ടായിരുന്നു. അദാനി കമ്പനി ഒരു യാത്രക്കാരന് 168 രൂപ നിരക്കിൽ എയർപോർട്ട് അതോറിട്ടിക്ക് വിഹിതം നൽകാൻ തയ്യാറായപ്പോൾ കേരള സർക്കാർ കമ്പനി 135 രൂപയാണ് ക്വോട്ട് ചെയ്തത്. മത്സരാധിഷ്ഠിത ടെൻഡറിൽ കൂടുതൽ തുക ക്വോട്ടു ചെയ്യുന്ന കമ്പനിക്ക് കച്ചവടം ഉറപ്പിക്കുക എന്നതാണ് ലോകമെങ്ങും കണ്ടുവരുന്ന കീഴ്വഴക്കം. അങ്ങനെ നോക്കുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി കമ്പനിക്ക് നൽകിയത് തീവെട്ടിക്കൊള്ളയാണെന്ന് എങ്ങനെ പറായാനാകും. ശരാശരി ഒരു വർഷം ഒരു കോടയോളം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം ഉപയോഗിക്കുന്നതെന്നാണ് ഏകദേശ കണക്ക്. അതുവച്ചു നോക്കുമ്പോൾ അദാനി കമ്പനി മുമ്പോട്ടുവച്ച 168 രൂപ എന്നതാണോ കേരളത്തിന്റെ 135 രൂപയാണോ എയർപോർട്ട് അതോറിട്ടിക്ക് കൂടുതൽ നേട്ടമാകുന്നതെന്ന് ഒന്നുകൂടി നോക്കിയാൽ മതി. ലാഭനഷ്ടക്കണക്ക് തെളിഞ്ഞുവരും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന ഇപ്പോൾ രഹസ്യ കച്ചവടമൊന്നുമല്ല. പ്രതരോധ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ വരെ സ്വകാര്യ മേഖലയ്ക്കായി തുറന്നിട്ടുകഴിഞ്ഞു. ഇതിനെ ശക്തിയുക്തം എതിർക്കുന്നവർ രാജ്യത്ത് ഉണ്ടാകും. എല്ലാം പൊതുമേഖലയലേ ആകാവൂ എന്ന് വൃഥാ ശാഠ്യം പിടിക്കുന്നവരും അവസരം വരുമ്പോൾ നിലപാടു തരാതരം പോലെ മാറ്റുന്നതു കാണാറുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ കേന്ദ്ര നിലപാടിനെതിരെ വിമർശനമുയർത്തുന്നവർ യഥാർത്ഥത്തിൽ ചില സങ്കുചിത താത്പര്യങ്ങളിലൂന്നിയാണ് അതിനു തുനിയുന്നത്. എട്ടു പതിറ്റാണ്ടലേറെ പ്രായമായ ഈ വിമാനത്താവളത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ടുള്ള ആരും ഇനിയും അതു പൊതുമേഖലയിൽത്തന്നെ തുടരണമെന്ന് ആഗ്രഹിക്കുകയില്ല. അത്രമേൽ അനാഥത്വവും മുരടിപ്പുമാണ് അവിടെ കാണാനാവുക.

കേരളത്തിലെ പ്രഥമ അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭിച്ച് മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും അതിനനുയോജ്യമായ എന്തു വികസനമാണ് ഇവിടെ ഇക്കാലയളവിൽ വന്നിട്ടുള്ളത്. പുതിയ ഒരു ടെർമിനൽ ഉണ്ടായതൊഴിച്ചാൽ അടിസ്ഥാന വികസനത്തിൽ കാര്യമായ ഒരു കൂട്ടച്ചേർക്കലും ഉണ്ടായില്ല. ആഭ്യന്തര യാത്രക്കാർ വിമാനം പിടിക്കാൻ ഇപ്പോഴും ചുറ്റിക്കറങ്ങണം. രണ്ടാം ടെർമിനൽ ദീർഘിപ്പിച്ച് ആഭ്യന്തര ടെർമിനൽ കൂടി ചേർക്കാനുള്ള പദ്ധതി എത്രയോ വർഷമായി കടലാസിൽ ഉറങ്ങുകയാണ്. ഇതിനാവശ്യമായ 18 ഏക്കർ സ്ഥലം വിമാനത്താവളത്തോടു ചേർന്നു കിടപ്പുണ്ട്. അത് താമസക്കാരെ നഷ്ടപരിഹാരം നൽകി ഒഴിപ്പിച്ചെടുക്കാൻ ഇന്നേവരെ സർക്കാരിന് സാധിച്ചില്ല. ഒരുകാലത്ത് ഏറ്റവുമധികം അന്താരാഷ്ട്ര സർവിസ് ഇവിടെ നിന്നായിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ അഞ്ഞൂറോളം സർവീസുകളാണ് നിലച്ചുപോയത്. തിരുവനന്തപുരം വിമാനത്താവളം വളരുകയായിരുന്നോ അധഃപതനത്തിന്റെ പടുകുഴിയലേക്കു പതിക്കുകയായിരുന്നോ എന്നറിയാൻ ഇത്തരം സ്ഥിതിവിവരങ്ങൾ തന്നെ ധാരാളം. യാത്രക്കാർക്കു വേണ്ടിയുള്ള സൗകര്യങ്ങളുടെ കാര്യത്തിലും ഏറെ പിന്നിലാണ് ഈ എയർപോർട്ട്. ലോകത്തെ ഏതു അന്താരാഷ്ട്ര എയർപോർട്ടുകളിലും അവശ്യം ഉണ്ടാകേണ്ട ഡ്യൂട്ടി ഫ്രീ ഷോപ്പ് ഒന്നര വർഷത്തോളമായി ഇവിടെ അടഞ്ഞുകിടക്കുകയാണ്. വിമാന യാത്രക്കാരെ യാത്ര അയയ്ക്കാനും സ്വീകരിക്കാനും എത്തുന്നവർക്കു വേണ്ടി പുറത്തു പ്രവർത്തിച്ചിരുന്ന കാന്റീൻ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. അവയിലൊന്നിൽ ചായത്തട്ടു നടത്തുന്ന ലജ്ജാകരമായ കാഴ്ചയും സന്ദർശകരെ കാത്തിരിപ്പുണ്ട്.

വിമാനത്താവളത്തിന്റെ വികസനത്തിന് മുഖ്യ പരിഗണന ലഭക്കേണ്ടത് യാത്രക്കാരുടെ ആവശ്യമാണ്. പൊതുമേഖലയായാലും സ്വകാര്യ കമ്പനിയായാലും അതിനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയും വേണം. ഇതുവരെ കണ്ടിടത്തോളം സർക്കാരിനു കീഴിൽ വികസനം ഒച്ചിന്റെ വേഗം പോലും ആർജ്ജിക്കുകയില്ലെന്നു തെളിഞ്ഞുകഴിഞ്ഞതാണ്. കൊച്ചിയും കണ്ണൂരും എടുത്തുകാട്ടി ഇവിടെയും അത്തരത്തിലുള്ള വികസനങ്ങൾ കൊണ്ടുവരുമെന്നു പറഞ്ഞതുകൊണ്ടായില്ല. എല്ലാം കൈവിട്ടുപോകുന്നതിനു മുമ്പേ ചെയ്തുകാണിക്കണമായിരുന്നു. നിറുത്തിവച്ച സർവീസുകളെങ്കിലും തിരികെ എത്തിക്കാൻ സർക്കാരും ഇപ്പോൾ സ്വകാര്യവത്കരണത്തെ നഖശിഖാന്തം എതിർക്കുന്ന രാഷ്ട്രീയ നേതാക്കളും എന്തു നടപടി എടുത്തു എന്ന ചോദ്യം പ്രസക്തമാണ്.

തിരുവനന്തപുരം വിമാനത്താവളം ഇന്നത്തേതിന്റെ പലമടങ്ങായി വികസക്കേണ്ടത് ഈ നഗരത്തിന്റെയും ജനങ്ങളുടെയും ആവശ്യമാണ്. അദാനി കമ്പനി അതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാൽ അതിനു പറ്റിയ പദ്ധതികൾ ഏറ്റെടുക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം. കൂടുതൽ മുടക്കി പരമാവധി ലാഭം കൊയ്യുക എന്നതാണ് ഇത്തരം വൻകിട കമ്പനികളുടെ രീതി.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പുതുതായി സർവീസുകൾ, കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ, വദേശ വിമാനങ്ങൾക്കായി ഇടത്താവളം തുടങ്ങി വികസന സാദ്ധ്യതകൾ നിരവധിയാണ്. ഉപരിപ്ലവമായ പൊതുമേഖലാ വാദമുയർത്തി, പുതിയ ആശയങ്ങളും കൈയിൽ ധാരാളം പണവുമായി എത്തുന്ന വ്യവസായ സംരംഭകനെ തുരത്തി ഓടിക്കാൻ ശ്രമിക്കാതെ ആവശ്യമായ സഹായം നൽകാനാണ് സർക്കാർ മുന്നോട്ടുവരേണ്ടത്. ഈ വിഷയത്തിൽ കോൺഗ്രസുകാരനായ ശശി തരൂർ എം.പിയുടെ നിലപാട് മറ്റു നേതാക്കളുടെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമാകേണ്ടതാണ്. മത്സരക്ഷമതയോടെ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭകർ വന്നാലേ വിമാനത്താവളത്തിന്റെ വളർച്ച സാദ്ധ്യമാകൂ എന്നാണ് ശശി തരൂർ അഭിപ്രായപ്പെട്ടത്. നാനാതരത്തിലും വളർച്ച മുരടിച്ചുനിൽക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന് പുതുജീവൻ നൽകാൻ ഉപകരിക്കുന്ന തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിമാനത്താവള കൈമാറ്റത്തിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും വെറുതെ വിറളിപിടക്കേണ്ട കാര്യമില്ല.